കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹകരണ വകുപ്പ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നല്കുന്ന 2000 വീടുകളുടെ നിര്‍മ്മാണം ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് പറഞ്ഞു. നവീകരിച്ച തൃശൂര്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ് ഉദ്ഘാടനവും 39 മത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര വിശ്വാസവും സഹകരണ മനോഭാവവുമാണ് പ്രളയത്തെ അതിജീവിക്കാന്‍ മലയാളിയെ സഹായിച്ചത്. പ്രളയകാലത്തും പ്രളയാനന്തരവും സഹകരണ മേഖല ഇക്കാര്യത്തില്‍ വലിയ ഇടപെടലാണ് നടത്തിയത്.
പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും തടസങ്ങളുണ്ടായി. എന്നാല്‍ കേരളം അത് അതിജീവിക്കുകയാണ്. കേരളത്തിലെ സഹകരണ മേഖല ഇന്ത്യയിലെ എറ്റവും വലിയ ജനകീയ കൂട്ടായ്മയാണ്.സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഓരോ വാര്‍ഡുകളും കേന്ദ്രീകരിച്ച് ജനകീയ നിക്ഷേപം സ്വീകരിക്കാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളില്‍ യുവജനങ്ങളുടെ നിക്ഷേപം 23 ശതമാനം മാത്രമാണ്. ഇത് വര്‍ദ്ധിപ്പിക്കാനാവശ്യമായ രീതിയില്‍ സഹകരണ ബാങ്കുകളുടെ സേവനം ആധുനികവല്‍ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് മേഖലയില്‍ നടക്കുന്ന കൊള്ളയില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കാന്‍ സംസ്ഥാനം ആരംഭിക്കുന്ന കേരള ബാങ്കിന് സാധിക്കും. അനാവശ്യവും ഭീമവുമായ സര്‍വീസ് ചാര്‍ജുകള്‍ കേരള ബാങ്ക് ഈടാക്കില്ല. ബാങ്കിന്റെ സേവനം ജനകീയമായിരിക്കും. നിക്ഷേപ സമാഹരണത്തിനോടൊപ്പം സര്‍ക്കാരുമായി സഹകരിച്ച് പുതിയ ഉത്തരവാദിത്വങ്ങളും വകുപ്പ് ഏറ്റെടുക്കുകയാണ്. ലൈഫ് മിഷന് പദ്ധതിയില്‍ വകുപ്പും പങ്കുചേരുമെന്ന് മന്ത്രി പറഞ്ഞു.
Post Your Comments