ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ രാഷ്ട്രീയം ചൂടുപിടിയ്ക്കുന്നു. കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ സുമലത പ്രചാരണം തുടങ്ങി. ലോക്സഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസും ജനതാദള്‍- എസും തര്‍ക്കം തുടരുന്നതിനിടെയാണ് മുന്‍ നടി സുമലത പ്രചാരണം ആരംഭിച്ചിരിക്കുന്നത്. . പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിച്ചും ആരാധകരുമായി കൂടിക്കാഴ്ച നടത്തിയുമാണ് അവര്‍ ജനങ്ങളുടെ പിന്തുണ തേടുന്നത്. സുമലതയുടെ ഭര്‍ത്താവും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ അംബരീഷ് മൂന്ന് തവണയാണ് മാണ്ഡ്യയില്‍നിന്ന് വിജയിച്ചത്. അദ്ദേഹത്തിന്റെ തട്ടകത്തില്‍ ഇക്കുറി മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് സുമലത. കന്നഡ സിനിമാലോകവും പിന്തുണ അറിയിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് മാണ്ഡ്യയില്‍ മത്സരിക്കണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചതാണ്.
എന്നാല്‍ തങ്ങളുടെ സിറ്റിങ് സീറ്റായ മാണ്ഡ്യ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജനതാദള്‍- എസ്. അവിടെ ദേവഗൗഡയുടെ കുടുംബാംഗം മത്സരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മാണ്ഡ്യയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ദേവഗൗഡയും.
മാണ്ഡ്യക്ക് പകരം ബെംഗളൂരു നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളില്‍ ഒന്ന് നല്‍കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെങ്കിലും സുമലത സ്വീകരിച്ചിട്ടില്ല.
Post Your Comments