ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാവെന്ന നിലയില്‍ സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ റിപ്പബ്ലിക് ടി.വി മാപ്പ് പറഞ്ഞു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ടി.വിയുടെ മാപ്പപേക്ഷ. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാവെന്ന വ്യാജവാര്‍ത്ത നല്‍കി തന്റെ ചിത്രം കാണിച്ച ‘റിപ്പബ്ലിക്’ ടി.വിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം വാര്‍ത്തയില്‍ നല്‍കിയത് വീഡിയോ എഡിറ്റര്‍ക്ക് സംഭവിച്ച പിഴവാണെന്നും വേഗത്തില്‍ തിരുത്തിയിട്ടുണ്ടെന്നും മാപ്പപേക്ഷയില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച വാര്‍ത്തയിലായിരുന്നു ഉമരിയുടെ ചിത്രം റിപ്പബ്ലിക് ടി.വി നല്‍കിയത്.
ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് അറിവില്ലാത്തവരാണോ റിപ്പബ്ലിക് ടി.വി നടത്തിപ്പുകാരെന്ന് ഉമരി ചോദിച്ചു.കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തെ ഇസ്ലാമി ഹിന്ദില്‍ പ്രവര്‍ത്തിക്കുന്ന തന്റെ പൊതുജീവിതം ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഒരു ത്രൈമാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചുവരികയാണ്. ഡല്‍ഹിയിലുള്ള തന്നെക്കുറിച്ച് അത്തരത്തിലുള്ള ഒരു വാര്‍ത്ത നല്‍കുന്നതിന് മുമ്പ് നന്നെ ചുരുങ്ങിയത് ആ ചാനലിന് ഒന്ന് ബന്ധപ്പെടുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഉമരി പറഞ്ഞു.ഇന്ത്യന്‍ മാധ്യമങ്ങള്‍ അങ്ങേയറ്റം നിരുത്തരവാദപരമായ തരത്തിലാണ് ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം വിമര്‍ശിച്ചു.
Post Your Comments