
മുംബൈ: റിപ്പബ്ലിക് ടിവിയ്ക്കെതിരെയുള്ള ടിആർപി കേസ് വ്യാജമായിരുന്നെന്ന് മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബീർ സിംഗ്. ചാനൽ ഉടമസ്ഥനായ അർണാബ് ഗോസ്വാമിയെ ഏതുവിധേനെയും കുടുക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമായിരുന്നു ഈ വ്യാജകേസ് എന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഞെട്ടിച്ചു കൊണ്ടാണ് മുൻ പൊലീസ് കമ്മീഷണറുടെ ഈ വെളിപ്പെടുത്തൽ. റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് ഉടമസ്ഥനായ അർണാബ് ഗോസ്വാമി എന്ന മാധ്യമപ്രവർത്തകനെ ഏതുവിധേനയും കേസിൽ കുടുക്കുകയെന്നത് മാത്രമായിരുന്നു ഉദ്ദേശം. അദ്ദേഹത്തെ ഏതുവിധേനയും അറസ്റ്റ് ചെയ്യുക എന്നത് അന്നത്തെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ ആവശ്യമായിരുന്നുവെന്നും സിംഗ് വെളിപ്പെടുത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന വേളയിലാണ് മുൻ പൊലീസ് കമ്മീഷണറുടെ നിർണായകമായ ഈ മൊഴി.
മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, അനിൽ ദേശ്മുഖിന്റെ നേരിട്ടുള്ള സന്ദേശങ്ങൾ ശിരസാ വഹിച്ചിരുന്നതായി വെളിപ്പെടുത്തിയ സിംഗ്, മറ്റു കേസുകളിലും ഇപ്രകാരം സ്വാധീനം ചെലുത്തപ്പെട്ടതായി മൊഴി നൽകി. എൻസിപി നേതാവ് അനിൽ ദേശ്മുഖിനെതിരെയുള്ള സിംഗിന്റെ മൊഴി റിപ്പബ്ലിക് ടിവി തന്നെയാണ് പുറത്തു വിട്ടത്. വ്യാജമായി തെളിവുകൾ കെട്ടിച്ചമച്ചു കൊണ്ടുള്ള ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നും റിപ്പബ്ലിക് ടിവി അധികൃതർ ചൂണ്ടിക്കാട്ടി. സംഭവം വൻ വിവാദമായതോടെ, അനിൽ ദേശ്മുഖ് ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്.
Post Your Comments