ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് നീട്ടിവച്ചിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷ നീട്ടിവയ്ക്കണമെന്ന കുട്ടികളുടെ ഹര്‍ജിയിലാണ് സര്‍ക്കാരിന് അനുകൂലമായി കോടതി വിധി വന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. ഓഫ് ലൈന്‍ പരീക്ഷ നടത്താം. എന്നാല്‍ എല്ലാവിധ മുന്‍കരുതലും സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്തണമെന്നാണ് ജസ്റ്റിസ് എ.എം ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്. ഒക്ടോബറില്‍ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകും മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കി. ഇത് മുഖവിലയ്‌ക്കെടുത്താണ് ഓഫ് ലൈന്‍ പരീക്ഷയ്‌ക്കെതിരായ ഹര്‍ജകള്‍ കോടതി തളളിയത്.
പരീക്ഷയ്ക്കായി പുതിയ ടൈംടേബിള്‍ തയ്യാറാക്കുമെന്നും എല്ലാ സ്‌കൂളുകളും അണുനശീകരണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷയ്ക്കുളള ചോദ്യപേപ്പറുകള്‍ നേരത്തെതന്നെ സ്‌കൂളുകളില്‍ എത്തിച്ചതായും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. പരീക്ഷ നടത്തിപ്പിനെതിരെ ചിലര്‍ കുപ്രചരണം നടത്തിയതായും മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ പരീക്ഷയുടെ മാര്‍ക്ക് ഉന്നത വിദ്യാഭ്യാസ കോഴ്സുകളില്‍ പ്ലസ്ടു പരീക്ഷാ മാര്‍ക്കിനൊപ്പം പരിഗണിക്കുന്നുണ്ട്. ഫലം വന്ന പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് വിജയിക്കാന്‍ പ്ലസ് വണ്‍ പരീക്ഷ വിജയിക്കേണ്ടതുണ്ട്. ഓഫ് ലൈന്‍ ആയി ഈ പരീക്ഷ നടത്തിയില്ലെങ്കില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ നഷ്ടമുണ്ടാകുമെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു.
Post Your Comments