പത്തനംതിട്ട : കെ.സുരേന്ദ്രന്റെ തണലില്‍ പത്തനംതിട്ടയില്‍ താമര വിരിയിക്കാന്‍ കരുക്കള്‍ നീക്കി ബിജെപി. ഇതിനായി മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ മണ്ഡലത്തില്‍ മത്സരിപ്പിച്ച് സീറ്റ് പിടിച്ചെടുക്കാനുള്ള അടവുകള്‍ പയറ്റാനൊരുങ്ങുകയാണ് പാര്‍ട്ടി. ശബരിമല വിഷയത്തില്‍ കെ.സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് കോടതി നീക്കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതീക്ഷയിലാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ജയസാദ്ധ്യതയേറെയുള്ള മണ്ഡലമാണിതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയിലെ ജനകീയ മുഖമായ കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം മുന്‍കൈ എടുക്കുന്നത് .
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം ജയില്‍വാസം വരെ അനുഭവിച്ച് സുരേന്ദ്രനാണ് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത എന്നത് പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാണ് സാദ്ധ്യത. വിലക്ക് അവസാനിച്ച വിവരം കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പേജിലൂടെ പ്രവര്‍ത്തകര്‍ക്കായി പങ്ക് വയ്ക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് അണികളെ തയ്യാറാക്കുന്നതിനും അവരില്‍ ആവേശം നിറയ്ക്കുന്നതിനുമായി ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍യാത്രയുടെ തെക്കന്‍മേഖല ജാഥ നയിക്കാന്‍ കെ.സുരേന്ദ്രനെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. നാളെ മുതല്‍ പരിവര്‍ത്തന്‍യാത്ര പത്തനംതിട്ടയില്‍ നിന്നാണ് ആരംഭിക്കുന്നത്.
Post Your Comments