KeralaLatest News

ഇന്ത്യയിലെ ഏറ്റവും കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും : മന്ത്രി തോമസ് ഐസക്ക്

കലവൂർ: വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഭാരതത്തിലെ ഏറ്റവും മികച്ച കായിക സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി റ്റി. എം.തോമസ് ഐസക്ക്. കായിക ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയ കലവൂർ എൻ.ഗോപിനാഥന്റെ സ്മരണയിൽ പ്രീതികുളങ്ങരയിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാ സ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാർവത്രിക കായിക സംസ്‌കാരം വളർത്തുവാൻ കളിസ്ഥലങ്ങൾ അത്യന്താപേക്ഷിതമാണ്.1500 കോടിയാണ് സംസ്ഥാന സർക്കാർ 100 കളിസ്ഥലങ്ങളുടെ നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത് എന്നും തോമസ് ഐസക്ക് പറഞ്ഞു. കളിസ്ഥലങ്ങൾ ഫലപ്രദമായി ഉപയോഗിക്കുവാൻ വളർന്നു വരുന്ന പുതുതലമുറയ്ക്ക് സാധിക്കണം. സ്‌പോർട്‌സ് കൗൺസിലും സജീവമാണ്.കളിസ്ഥലങ്ങളുടെ അപര്യാപ്തതയാണ് ചില കുട്ടികളെഎങ്കിലും വഴിതെറ്റാൻ പ്രേരണ നൽകുന്നത്. 1000 കലാകാരന്മാർക്ക് 10,000 രൂപവീതം നൽകി സംസ്ഥാന സർക്കാർ ആദരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് അഞ്ചര കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചിലവ് പ്രതീക്ഷിക്കുന്നത്.200 മീറ്റർ ഫോർ ലൈൻ ട്രാക്ക്,മിനി ഫുട്ബാൾ ഗ്രൗണ്ട്,മൾട്ടി പർപ്പസ് കോർട്ട്, ഫിറ്റ്‌നെസ്സ് ജിം, 200 പേർക്കുള്ള പവലിയൻ സൗകര്യം എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്.സ്റ്റേഡിയ നിർമ്മാണത്തിനൊപ്പം പ്രീതികുലങ്ങര സ്‌കൂളിന്റെ സംരക്ഷണവും വികസനവും പ്രോജക്ടിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്നു.നിലവിലെ സ്‌കൂൾ കെട്ടിടം പുരാതന സ്വഭാവം നിലനിർത്തി സംരക്ഷിക്കുന്നതിനോടൊപ്പം സ്‌കൂളിനായി 6 ക്ലാസ് മുറികൾ അടങ്ങിയ ബഹുനില കെട്ടിടവും പൂർത്തീകരിക്കപെടുകയാണ്.

ചടങ്ങിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രദേശത്തെ സ്‌പോർട്‌സ് ക്ലബുകൾക്കുള്ള സ്‌പോർട്‌സ് കിറ്റ് വിതരണം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ നിർവഹിച്ചു.ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.റ്റി. മാത്യു, സ്‌പോർട്‌സ് കൗണ്‌സിൽ പ്രസിഡന്റ് പി.ജെ. ജോസഫ്,വൈസ് പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി പ്രദീപ് കുമാർ, ബ്ലോക്ക് മെമ്പർ ശ്രീദേവി, മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ ,വാർഡ് മെമ്പർ ദിനകരൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button