മലപ്പുറം: നിലമ്പൂർ ആശ്രമം സ്കൂളിലെ ആദിവാസി വിദ്യാർഥി സതീഷിന്റെ മരണത്തിലെ ദുരൂഹത നിക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ അപ്പൻകാപ്പ് കോളനിയിലെ സുന്ദരന്റെയും ശാന്തയുടെയും മകനായ സതീഷ് ഫെബ്രുവരി 16 നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്. കാട്ടുനായ്ക്കർ, ചോലനായ്ക്കർ ആദിവാസി ഗോത്ര വിഭാഗക്കാർക്കായി നടത്തുന്ന നിലമ്പൂർ ആശ്രമം റസിഡൻഷ്യൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു സതീഷ്. സ്കൂൾ ഹോസ്റ്റലിൽ വെച്ച് പനി ബാധിച്ചതിനെ തുടർന്നാണ് സതീഷിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. എന്നാൽ മരണകാരണമായി സ്കൂൾ അധികൃതർ പറയുന്നത് ബ്ലഡ് കാൻസർ ബാധിച്ചുവെന്നാണ്. സതീഷിന് ഇങ്ങനെയൊരു രോഗമുള്ള വിവരം രക്ഷിതാക്കൾ അറിഞ്ഞിട്ടേയില്ല. മാസത്തിൽ ഒരിക്കൽ മെഡിക്കൽ ചെക്കപ്പ് നടക്കുന്ന ആശ്രമം സ്കൂളിൽ വർഷങ്ങളായി സതീഷുണ്ടായിട്ടും ഇത്തരമൊരു അസുഖം കണ്ടെത്താത്തത് ഗുരുതരമായ വീഴ്ച്ചയാണ്. അതിനാൽ രോഗത്തെക്കുറിച്ചും ലഭ്യമാക്കിയ ചികിത്സയെക്കുറിച്ചുമുയരുന്ന സംശയങ്ങൾ പട്ടികവർഗ വിഭാഗം ഡിപ്പാർട്മെന്റ് അന്വേഷിച്ച് വസ്തുതതകൾ ഉടൻ പുറത്തുവിടണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
പെൺകുട്ടികളടക്കമുള്ള സ്കൂളിലെ ചില വിദ്യാർഥികളും പൂർവ വിദ്യാർഥികളും സ്ഥാപനത്തിലെ ചില സ്റ്റാഫുകൾക്കെതിരെ ഉയർത്തിയ ആരോപണങ്ങളിലെ ശരിതെറ്റുകളും പൊതുജനത്തെ ബോധ്യപ്പെടുത്തണം. സർക്കാർ നടത്തുന്ന ആദിവാസി സ്ഥാപനങ്ങൾ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത് ശരിയല്ല. ആരോപണ വിധേയരായവർ നിരപരാധികളാണെങ്കിൽ അതും പൊതുജനങ്ങളെ അറിയിക്കേണ്ടതുണ്ട്. അതിനാൽ നിലവിൽ നിലമ്പൂർ ആശ്രമം സ്കൂളിനെതിരെ ഉയർന്ന മുഴുവൻ ആരോപണങ്ങളും അന്വേഷിക്കാൻ പട്ടിക വർഗ ഡിപാർട്മെൻറും ചൈൽഡ് ലൈനുമടങ്ങിയ സ്പെഷൽ ടീമിനെ നിയോഗിക്കണമെന്ന് ഫ്രറ്റേണിറ്റി കേരള സർക്കാറിനോട് ആവശ്യപ്പെടുകയാണ്. സർക്കാരിനിയും ഈ വിഷയത്തിൽ അലംഭാവം തുടരുകയാണെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി ഫ്രറ്റേണിറ്റി രംഗത്തിറങ്ങുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ്, ജനറൽ സെക്രട്ടറിമാരായ സനൽകുമാർ, ഫയാസ് ഹബീബ് തുടങ്ങിയവർ സംസാരിച്ചു.
Post Your Comments