KeralaLatest News

ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന സംഭവം: പരാതി ഒതുക്കി തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചു എന്ന് രഞ്ജിത്തിന്റെ അച്ഛന്‍

കൊല്ലം: കൊല്ലത്ത് ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ പൊലീസ് പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു എന്ന് കൊല്ലപ്പെട്ട രഞ്ജിത്തിന്റെ അച്ഛന്‍. മകന് അകാരണമായി ഒരുകൂട്ടം ആളുകളില്‍ നിന്നും മര്‍ദ്ദനമേറ്റു എന്ന പരാതി ഒത്തു തീര്‍ക്കാന്‍ തെക്കുംഭാഗം പൊലീസ് ശ്രമിക്കുകയായിരുന്നു എന്നാണ് രഞ്ജിത്തിന്റെ അച്ഛന്‍ ആരോപിക്കുന്നത്.

ഇതിനായി രഞ്ജിത്തിന് മര്‍ദ്ദനമേറ്റ ഫെബ്രുവരി 14 ന് വൈകീട്ട് ഇരു കൂട്ടരേയും പൊലീസ്, സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍ പൊലീസിന്റെ ആ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് താന്‍ പോയില്ല എന്നും രഞ്ജിത്തിന്റെ അച്ഛന്‍ രാധാകൃഷ്ണപിള്ള പറഞ്ഞു. തന്റെ വീട്ടില്‍ കയറി വന്ന് ഒരു സംഘം ആളുകള്‍ പഠിച്ചുകൊണ്ടിരുന്ന മകനെ വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച കാര്യം പൊലീസിനെ അറിയിച്ചു. എന്നാല്‍ സംഭവം അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല എന്ന് രാധാകൃഷ്ണ പിള്ള നേരെത്തെ തന്നെ ആരോപിച്ചിരുന്നു. തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യം പന്ത്രണ്ടോളം പേരടങ്ങിയ സംഘം എത്തിയിരുന്നു. ഇവര്‍ പോയതിന് ശേഷം ജയില്‍ വാര്‍ഡന്‍ വിനീതിന്‍യും സരസന്‍ പിള്ളയുടെയും നേതൃത്വത്തില്‍ ഉള്ള ആറ് പേരുടെ സംഘം വീണ്ടും വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഈ മര്‍ദനത്തില്‍ ആണ് രഞ്ജിത്തിന്റെ തലയ്ക്ക് അടിയേറ്റത്.

സരസന്‍ പിള്ളയുടെ മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ അടിയേറ്റ് വീണ രഞ്ജിത്ത് ആ പെണ്‍കുട്ടിയെ അറിയില്ലെന്ന് കാല് പിടിച്ച് കരഞ്ഞ് പറഞ്ഞിട്ടും സംഘം ചെവിക്കൊണ്ടില്ല. പിന്നീട് രഞ്ജിത്ത് ബോധം കെട്ടുവീഴുകയായിരുന്നു.

ഈ സംഭവം നടന്ന ഉടനെ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെനെത്തി രഞ്ജിത്തിന്റെ അച്ഛന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല തിരിച്ച് കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും രാധാകൃഷ്ണ പിള്ള ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button