MollywoodLatest News

ലൂസിഫറിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍; ഒടുവില്‍ മോഹന്‍ലാല്‍ രംഗത്ത്

ഏറെ നാളായി മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫര്‍. മാര്‍ച്ച് മാസം അവസാനത്തോടെ ലൂസിഫര്‍ തിയേറ്ററുകളിലെത്തുമെന്നാണ് വാര്‍ത്ത. അതിനിടയില്‍ ചിത്രത്തിന്റെ കഥയേയും സീനുകളെയുമൊക്കെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ നായകനായ മോഹന്‍ലാല്‍ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങള്‍ നിര്‍ത്തൂ, എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തിന്റെ ഇന്‍ട്രോ സീന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സ്‌ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട് മോഹന്‍ലാല്‍.

”കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇടത്തെ കയ്യില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്നു. സൈലന്റ് മോഡില്‍ സ്റ്റീഫന്റെ കൈകളില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റു വീഴുന്ന ശബ്ദം മാത്രം. (bgm) (ബാക് ഷോട്ട്). അത് കഴിഞ്ഞു 666 അംബാസ്സഡറില്‍ കയറി ദൈവത്തിനരികിലേക്കയച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ട്. (long shot).’ എജ്ജാതി ഐറ്റം. ഇതാണ് ഇന്‍ട്രോ’ എന്നാണ് ആ സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നത്.

ചിത്രത്തിന്റെ സംവിധായകനായ പൃഥിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയുമെല്ലാം StopLuciferRumours എന്ന ഹാഷ് ടാഗോടെ വ്യാജ പ്രചരണത്തിനെതിരെ രംഗത്തുണ്ട്. വലിയ മുതല്‍ മുടക്കില്‍ ഒരുക്കിയ ലൂസിഫര്‍ ആറുമാസത്തോളം നീണ്ട ചിത്രീകരണത്തിനു ശേഷമാണ് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. പൃഥിരാജിന്റെ കന്നി സംവിധാനസംരംഭം എന്ന രീതിയില്‍ മാത്രമല്ല, വലിയ താരനിരയുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകുകയാണ് ലൂസിഫര്‍.

സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഓബ്റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മംമ്താ മോഹന്‍ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും.

facebook
facebook

shortlink

Related Articles

Post Your Comments

Related Articles


Back to top button