തന്റെ പേരിൽ ഫേക്ക് പേജ് ഉണ്ടാക്കുകയും തന്നെ വ്യക്തി ഹത്യ നടത്തുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടിയുമായി ശ്രീജിത്ത് പന്തളം. 2018 ലാണ് ആദ്യമായി തന്റെ പേരിൽ പേജ് ഉണ്ടാക്കിയതെന്ന് ശ്രീജിത്ത് പറയുന്നു. അതിൽ പല രീതിയിലും തന്നെയും ബിജെപിയെയും താറടിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ നിറയുകയും ചെയ്തിരുന്നു. ഇതിനെതിരെ പത്തനംതിട്ട സൈബർ സെല്ലിൽ താൻ പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇത് കൂടാതെ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ വ്യക്തി ഹത്യ ചെയ്യുന്ന രീതിയിലും തന്റേതെന്ന തരത്തിൽ പോസ്റ്റുകൾ ഈ പേജിൽ വന്നിരുന്നു. ഇതോടെ പന്തളം പോലീസ് സ്റ്റേഷനിൽ താൻ പരാതി നൽകിയെന്നാണ് ശ്രീജിത്ത് പറയുന്നത്. ഇത് രണ്ടിലും യാതൊരു നടപടിയുമില്ലാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്രീജിത്ത്. ഏറ്റവും അവസാനമായി താൻ ഇന്ത്യയും ചൈനയുമായുള്ള യുദ്ധത്തിൽ പങ്കെടുത്തതായാണ് ഈ പേജിൽ പോസ്റ്റ് വന്നത്.
താൻ ഇന്ത്യ ചൈന യുദ്ധത്തിൽ പങ്കെടുത്തതായും ആർ എസ് എസ് നേതാവ് മോഹൻ ഭഗവത് പറയുകയാണെങ്കിൽ താൻ പാകിസ്ഥാനിൽ പോയി ചാവേറായി പൊട്ടിത്തെറിക്കാൻ സന്നദ്ധനാണെന്നുമാണ് പോസ്റ്റ്. ഇത് മുഖ്യധാരാ മാധ്യമങ്ങൾ പലതും വാർത്തയാക്കുകയും ചെയ്തു. ഇതോടെയാണ് ശ്രീജിത്ത് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പേജ് ഉണ്ടാക്കിയ ആളുകളെ കണ്ടു പിടിക്കാനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും വേണ്ടിയാണ് താൻ കോടതിയെ സമീപിക്കുന്നതെന്ന് അദ്ദേഹം ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയോട് പറഞ്ഞു.
പല ഫേക്ക് പോസ്റ്റുകളും ഇട്ട് ഇവരുടെ സ്വാധീനമുള്ള മാധ്യമ പ്രവർത്തകരുടെ സഹായത്തോടെ മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തയാക്കുകയും തനിക്ക് മനനഷ്ടമുണ്ടാക്കുകയും ചെയ്തു എന്നാണ് ശ്രീജിത്ത് പറയുന്നത്. ഇത് ഫേക്ക് പേജാണെന്നറിയാതെ പലരും ഷെയർ ചെയ്യുകയും തന്നെ അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
Post Your Comments