ചണ്ഡിഗഡ്: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വർധമാൻ പാകിസ്ഥാന്റെ പിടിയിലായതും പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവന്നതുമാണ് ഇപ്പോൾ ചർച്ചാവിഷയം. ആള്‍ക്കൂട്ടം അഭിനന്ദനെ മര്‍ദ്ദിച്ചവശനാക്കുന്നതും, പാക് സൈനികര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതുമായ വീഡിയോ ഇതിനിടെ പാകിസ്ഥാൻ പുറത്തുവിട്ടിരുന്നു. എന്നാൽ പുറത്തുവിട്ട വീഡിയോകളാവാം അഭിനന്ദിന്റെ ജീവന്‍ രക്ഷിച്ചതെന്ന് അഭിപ്രായപ്പെടുകയാണ് വ്യോമസേനയിലെ മുന്‍ എയര്‍ കാമൊഡോര്‍ ജെ.എല്‍.ഭാര്‍ഗവ. അഭിനന്ദന്റെ വീഡിയോ യുവാക്കള്‍ ഷൂട്ടുചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍, അദ്ദേഹം ജീവിച്ചിരുപ്പുണ്ട് എന്ന് തെളിയിക്കാന്‍ വലിയ ബുദ്ധിമുട്ടാകുമായിരുന്നു. അദ്ദേഹം തങ്ങളുടെ പക്കലുണ്ടെന്ന കാര്യം പോലും പാക് അധികൃതര്‍ നിഷേധിക്കുമായിരുന്നു. ശിഷ്ടകാലം മുഴുവന്‍ അഭിനന്ദന്‍ പാക് ജയിലില്‍ കഴിയേണ്ടിയും വരുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
1971ലെ യുദ്ധത്തിനിടെ പാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നുവീഴുകയും ഒരുവര്‍ഷം പാക് തടങ്കലില്‍ കഴിയുകയും ചെയ്തിരുന്നു ഭാര്‍ഗവ. യുദ്ധത്തടവുകാരായി പാക്കിസ്ഥാന്‍ ജയിലില്‍ അടച്ച 12 ഇന്ത്യന്‍ പൈലറ്റുമാരില്‍ ഒരാളായിരുന്നു ഭാര്‍ഗവ. താൻ പിടിയിലായി ഒരുമാസത്തിന് ശേഷമാണ് അറസ്റ്റ് ഔദ്യോഗികമായി പാക്കിസ്ഥാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചത്. അന്താരാഷ്ട്ര ഇടപെടലുകളെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ അതിന് തയ്യാറായതെന്ന കാര്യവും ശ്രദ്ധേയമാണ്. 1971 ഡിസംബര്‍ അഞ്ചിന് ബാര്‍മറില്‍ നിന്നാണ് അന്ന് ഫ്‌ളൈറ്റ് ലഫ്റ്റനന്റായിരുന്ന ഭാര്‍ഗവ പറന്നുയര്‍ന്നത്. ശത്രുപാളയത്തില്‍ എത്തിയ എച്ച്‌എഫ് -249 പാക് പട വെടിവച്ചിട്ടു. സമയം രാവില 9 മണി. വലിയൊരു മണല്‍ക്കൂനയിലേക്കാണ് പാര്‍ച്യൂട്ടില്‍ നിന്നിറങ്ങിയത്. സര്‍വൈവല്‍ കിറ്റില്‍ നിന്ന് വളരെ വേഗം സാധനങ്ങള്‍ തപ്പിയെടുത്ത ശേഷം ജി-സ്യൂട്ട് കുറ്റിക്കാടുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ചു. പാകിസ്ഥാൻ സ്റ്റാന്‍ഡാര്‍ഡ് ടൈമില്‍ വാച്ച് സെറ്റ് ചെയ്തിട്ട്, തകര്‍ന്ന് വീണ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് വേഗം നടന്നുനീങ്ങി.പാകിസ്ഥാനി വ്യോമസേനയിലെ മന്‍സൂര്‍ അലിയാണ് താനെന്നാണ് ഭാര്‍ഗവ നാട്ടുകാരോട് പറഞ്ഞത്. കൈയില്‍ പാകിസ്ഥാനി കറന്‍സി ഉള്ളതുകൊണ്ട് അവര്‍ അത് വിശ്വസിക്കുകയും ചെയ്തു. എന്നാൽ പാകിസ്ഥാനി റേഞ്ചഴ്‌സിന്റെ അടുത്ത് എന്റെ തന്ത്രം വിലപ്പോയില്ല. എന്നോട് അവര്‍ കലിമ ചൊല്ലാന്‍ പറഞ്ഞു. അവിടെ തോറ്റതോടെ കള്ളിവെളിച്ചത്താകുകയും അറസ്റ്റ് ചെയ്ത് പാക് സേനയ്ക്ക് കൈമാറുകയായിരുന്നുവെന്നും ഭാർഗവ പറയുന്നു.
Post Your Comments