Latest NewsIndiaNews

ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ആവശ്യമായ വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ആധാര്‍ ഭേദഗതി ബില്‍ ജനുവരി നാലിന് ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. സ്വകാര്യ കമ്പനികള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ സ്വീകരിക്കാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്.

തിരിച്ചറിയല്‍ ആവശ്യത്തിനായി സ്വകാര്യ കമ്പനികള്‍ ആധാര്‍ വിവരങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ശേഖരിക്കാന്‍ പാടില്ലെന്നും ശേഖരിച്ച വിവരങ്ങള്‍ സെര്‍വറില്‍ നിന്നുള്‍പ്പെടെ നീക്കണമെന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതോടെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും സിം കാര്‍ഡ് വാങ്ങുന്നതിനും ആധാര്‍ തിരിച്ചറിയല്‍ രേഖയായി ശേഖരിക്കുന്ന നില ഇല്ലാതായി. എന്നാല്‍ തിരിച്ചറിയലിനായി സ്വമേധയാ ആധാര്‍ നല്‍കുന്നവരില്‍ നിന്ന് സ്വീകരിക്കാമെന്നാണ് ഭേദഗതി ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. ഇതോടെ ചുരുങ്ങിയത് ഓര്‍ഡിനന്‍സ് കാലാവധിയായ അടുത്ത ആറ് മാസത്തേക്കെങ്കിലും സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനാവും.

അതേസമയം, ആധാര്‍ വിവരങ്ങളില്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ എടുത്ത ഒരു കുട്ടിക്ക് 18 വയസ് ആകുന്ന മുറക്ക് സ്വന്തം തീരുമാനപ്രകാരം ബയോമെട്രിക് ഐഡി പരിപാടിയില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയുന്ന വ്യവസ്ഥ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യത സൂക്ഷിക്കാന്‍ 12 അക്ക യഥാര്‍ഥ ആധാര്‍ നമ്പറിന് പകരം മറ്റൊരു നമ്പര്‍ സൂക്ഷിക്കാന്‍ ഭേഗദതി അനുവദിക്കുന്നു. ഇതേസമയം സ്വകാര്യത ലംഘനം, ബയോ മെട്രിക് വിവരങ്ങളുടെ ദുരുപയോഗം തുടങ്ങിയവക്ക് കനത്ത പിഴയും ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button