കോഴഞ്ചേരി : യുവാവ് കുത്തേറ്റു മരിച്ച കേസില്‍ ഒന്നാം പ്രതി പൊലീസ് പിടിയില്‍. കൊലയ്ക്ക് ശേഷം ആന്ധ്രയിലേയ്ക്ക് കടന്ന പ്രതി ഗള്‍ഫിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കോഴഞ്ചേരി ഈസ്റ്റ് ചരിവുകാലായില്‍ ദീപു(തൊരപ്പന്‍-26)വിനെയാണ് ഇന്നലെ പുലര്‍ച്ചെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിനു ശേഷം കോഴഞ്ചേരിയില്‍ നിന്ന് ആന്ധ്രയിലേക്കു കടന്ന പ്രതി തിരികെ എറണാകുളത്ത് എത്തി ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. ആറന്മുള എസ്എച്ച്ഒ ബി. അനില്‍, എസ്‌ഐ ബി. രാജേന്ദ്രന്‍ പിള്ള, സിപിഒ ബിന്ദുലാല്‍, നിഴല്‍ പൊലീസ് അംഗങ്ങളായ എഎസ്‌ഐ അജി സാമുവല്‍, സിപിഒ ബിജു മാത്യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കൊല്ലീരേത്ത് ഭാഗത്ത് എത്തിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ പാഞ്ഞടുത്തതോടെ ഇന്നലെ കുരങ്ങുമലയിലെ സംഭവസ്ഥലത്തേക്കു കൊണ്ടുപോയില്ല. കുത്താന്‍ ഉപയോഗിച്ചിരുന്ന ആയുധം കൊല്ലീരേത്ത് ഭാഗത്തുനിന്ന് പൊലീസ് കണ്ടെടുത്തു.കഴിഞ്ഞ 22ന് രാത്രി 10നാണു ചരിവുകാലായില്‍ മറിയയുടെ മകന്‍ പ്രവീണ്‍ രാജ് കുത്തേറ്റു മരിച്ചത്.
കേസിലെ രണ്ടാം പ്രതി മെല്‍വിന്‍, അഞ്ചും ആറും പ്രതികളായ വിഷ്ണു പി. തമ്പി, ജിബിന്‍ ദിവാകരന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 6 പ്രതികളെ പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
Post Your Comments