KeralaLatest NewsNews

ചൂണ്ടയിടുന്നവരെ ആക്ഷേപിക്കരുത്; ഒന്നിനും കൊള്ളാത്തവരുടെയും മടിയന്മാരുടെയും ജോലിയല്ല; ഇതിന് മാന്യതകളേറെ

വൈപ്പിന്‍: ചൂണ്ടയിടുന്നവരെ ആക്ഷേപിക്കുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഇക്കാലത്ത്. ഇത് കേവലം തൊഴിലില്ലാത്തവരുടെയും മടിയന്മാരുടെയും നേരംപോക്കല്ല. മറിച്ച് മാന്യതകള്‍ ഏറെയുണ്ട് ചൂണ്ടയിടുന്നതിന്. ലോകത്ത് ഒരുപാടു പേര്‍ ഹോബിയായും അതിലുമേറെപ്പേര്‍ ജോലിയായുമൊക്കെ സ്വീകരിച്ചിരിക്കുന്ന ഒന്ന് അതാണ് ചൂണ്ടയിടല്‍. നമ്മുടെ നാട്ടിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. തൊഴില്‍ എന്നതിലുപരി ഹോബിയായി നമ്മുടെ നാട്ടിലും ചൂണ്ടയിടലിനെ സ്വീകരിച്ചു കഴിഞ്ഞു. എന്തിനേറെ ചൂണ്ടക്കാരുടെ കൂട്ടായ്മകള്‍ വരെ നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നു.

മുടക്കുമുതല്‍ ഏറ്റവും കുറഞ്ഞ മത്സ്യബന്ധനമാര്‍ഗമായാണു ചൂണ്ടയിടല്‍ വിശേഷിപ്പിക്കപ്പെടുന്നത്. തൊടിയില്‍ നിന്നു ബലമുള്ളൊരു വടി വെട്ടിയെടുത്തു സ്റ്റേഷനറിക്കടയില്‍ നിന്നു രണ്ടു മീറ്റര്‍ ബലമുള്ള പ്ലാസ്റ്റിക് വള്ളിയും കൊളുത്തും വാങ്ങുന്നതില്‍ ഒതുങ്ങുന്നു മുതല്‍മുടക്ക്. ഇവിടെയാണ് ചൂണ്ടയിടല്‍ പ്രസിദ്ധമാകുന്നത്. മുതല്‍മുടക്ക് കുറഞ്ഞ വേറെ ഏത് ജോലിയുണ്ട് ഈ ലോകത്ത്?. പിടിക്കാന്‍ ഉദ്ദേശിക്കുന്ന മീനിന് അനുസരിച്ചാണ് ഇര കൊരുക്കേണ്ടത്. ചെമ്മീനും മണ്ണിരയും മുതല്‍ ചായക്കട പലഹാരത്തിന്റെ തുണ്ടും മീന്‍കഷണവും വരെ മീനിനെ പിടിക്കാന്‍ ഉപയോഗിക്കാം. മഴക്കാലമാണ് ഇവര്‍ക്ക് ചാകര. മഴ പെയ്തുതുടങ്ങി വൈകാതെ ജലപ്പരപ്പിലേക്ക് കുളിര്‍മ തേടി മീനുകള്‍ എത്തും. കൂരി, കരിമീന്‍, നച്ചറ തുടങ്ങി വിവിധതരം മീനുകളാണ് ചൂണ്ടക്കാര്‍ക്കു ലഭിക്കുക. ഉപജീവനത്തിനു ചൂണ്ട നീട്ടുന്നവര്‍ ചിലപ്പോള്‍ കിട്ടുന്ന മീന്‍ അവിടെ വച്ചോ, മാര്‍ക്കറ്റിലെത്തിച്ചോ വിറ്റഴിക്കും. പിടിച്ചശേഷവും വെള്ളത്തില്‍ സൂക്ഷിക്കുന്നതിനാല്‍ പിടയ്ക്കുന്ന പരുവത്തിലായിരിക്കും ഇവ വാങ്ങാനെത്തുന്നവരുടെ മുന്നിലേക്കെത്തുക. അതു കൊണ്ടുതന്നെ ചോദിക്കുന്ന വിലയും കിട്ടും. പ്രതിദിനം1000 രൂപ വരെ അനായാസം സമ്പാദിക്കുന്ന വിദഗ്ധ ചൂണ്ടക്കാരുണ്ട്.

പരമ്പരാഗത ചൂണ്ടകള്‍ നമ്മെ കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോകുമെങ്കിലും ഇപ്പോള്‍ ഇത് സാധാരണമല്ല. ഇന്നത്തെക്കാലത്ത് ആധുനീക രീതികള്‍ക്കാണ് ഡിമാന്‍ഡ്. ഹൈടെക് ചൂണ്ടകളെ ഇവിടെ പരിചയപ്പെടുത്തിയതു ഗള്‍ഫില്‍ നിന്നു അവധിക്ക് എത്തിയവരായിരുന്നു. എന്നാല്‍ അവരുടെ ചൂണ്ടകളെ പലരും വെറും പൊങ്ങച്ചം എന്നു പറഞ്ഞു തള്ളിക്കളഞ്ഞു. എന്നാല്‍ പിന്നീട് വിദേശവിനോദസഞ്ചാരികളാണ് ഇത്തരം ചൂണ്ട ഉപയോഗിച്ച് എങ്ങനെ മീന്‍ പിടിക്കാമെന്ന് ഇവിടുത്തുകാരെ പഠിപ്പിച്ചത്. അതോടെ പലരും ഇത്തരം ചൂണ്ടകളുടെ ആരാധകരായി മാറി. നേരത്തെ വലിയ വില കൊടുത്ത് മാസങ്ങള്‍ കാത്തിരുന്നു വിദേശത്തു നിന്ന് എത്തിക്കണമായിരുന്നുവെങ്കില്‍ ഇപ്പോള്‍ നാട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളിലുമെല്ലാം ഇത്തരം ചൂണ്ടകള്‍ ലഭിക്കും. 4000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണു വില. കിലോമീറ്ററുകള്‍ ദുരത്തേക്കു കൊളുത്തു നീട്ടാവുന്ന ചൂണ്ടകളും കൂട്ടത്തിലുണ്ട്..

വിദേശരാജ്യങ്ങളില്‍ ഏറ്റവും ജനപ്രിയ വിനോദങ്ങളില്‍ ഒന്നാണ് ചൂണ്ടയിടല്‍. എന്നാല്‍ ചൂണ്ടയിടലിന്റെ സ്വന്തം നാട്ടില്‍ ഇത് വെറുമൊരു നേരം പോക്ക് മാത്രമായിരുന്നു. ഈ തൊഴിലിന് ഒരു വിലയുമില്ലാത്തൊരവസ്ഥ. എന്നാല്‍ അല്‍പം വൈകിയിട്ടാണെങ്കിലും നാട്ടിലും ചൂണ്ടയ്ക്ക് അത്തരമൊരു പദവി കൈവന്നു തുടങ്ങിയിട്ടുണ്ട്. ചൂണ്ടക്കാരുടെ അസോസിയേഷനുകളും ഫെയ്‌സ് ബുക്ക് കൂട്ടായ്മയുമൊക്കെ ഇപ്പോള്‍ സജീവമാണ്. ഈ രംഗത്തെ പുതിയ പ്രവണതകള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം കാലതാമസം കൂടാതെ നാട്ടിലേക്ക് എത്താന്‍ ഇതു സഹായകമാകുന്നു. ചൂണ്ടയിടലിന് ഏറ്റവും പറ്റിയ ഭൂപ്രദേശമാണ് കേരളമെന്നാണു വിദേശികളുടെ അഭിപ്രായം. ചെറിയ നീര്‍ച്ചാലുകള്‍ മുതല്‍ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കടല്‍ വരെ ചൂണ്ടനീട്ടാന്‍ പാകത്തില്‍ അടുത്തു കിടക്കുന്ന സ്ഥലം ലോകത്തു വേറെ അധികമില്ലത്രെ.

എന്തിനധികം പറയുന്നു… ചൂണ്ടയിടലിനെ മാനസികപ്രശ്‌നങ്ങളെ ഫലപ്രദമായി പരിഹരിക്കുന്നതിനുള്ള ചികിത്സാവിധിയായി പരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ വരെ ചില വിദേശരാജ്യങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. അസാമാന്യമായ ക്ഷമ ആവശ്യമുള്ള ഒന്നാണു ചൂണ്ടയിടല്‍. ഈ ക്ഷമാശീലം തന്നെയാണ് ചൂണ്ടയിടലിനെ ചികിത്സാ രീതിയായി പരീക്ഷിക്കാനുള്ള ശ്രമമായി കണക്കാക്കുന്നത്. വൈദഗ്ധ്യത്തിനൊപ്പം ക്ഷമാശീലവും ഉള്ളവര്‍ക്കേ ചൂണ്ടയിടലില്‍ ശോഭിക്കാന്‍ കഴിയുകയുള്ളു. ക്ഷമയില്ലാത്തവര്‍ക്കുള്ള മരുന്നായി ചൂണ്ടയെ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് ആ സാഹചര്യത്തിലാണ്. അരമണിക്കൂര്‍ പോലും കാത്തിരിക്കാന്‍ ആദ്യമൊക്കെ തയാറില്ലാതിരുന്നവര്‍ മീനൊന്നും കിട്ടാതിരുന്നിട്ടും ഒരു ദിവസം മുഴുവന്‍ ചൂണ്ടക്കണയുമായി തപസുചെയ്യുന്ന അവസ്ഥയിലേക്കു മാറാന്‍ അധികദിവസം വേണ്ടെന്നതു ചൂണ്ടയ്ക്കു മാത്രം സാധിക്കുന്ന മാജിക്ക്.

ചൂണ്ട എപ്പോള്‍ വേണമെങ്കിലും ഇടാമെങ്കിലും മഴക്കാലവും ട്രോളിങ് നിരോധന കാലയളവുമാണു ചാകര സമ്മാനിക്കുന്നത്. മാനത്തു മഴക്കാര്‍ ഉണ്ടെങ്കില്‍ ചൂണ്ടയില്‍ തുടരെത്തുടരെ മീന്‍കൊത്തുമെന്നാണ് അനുഭവമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ബോട്ടുകള്‍ കടലില്‍ നിന്നു വിട്ടു നില്‍ക്കുന്ന ട്രോളിങ് നിരോധനവേളയില്‍ തീരത്തേക്കു കൂടുതല്‍ മീനുകള്‍ എത്തും. അവയിലേറെയും ചൂണ്ടയില്‍ കുടുങ്ങും. ഈ സമയത്തു തീരത്തു ചൂണ്ടക്കാരുടെ എണ്ണം കൂടുകയും ചെയ്യും. ചൂണ്ടക്കാരുടെ കൂട്ടായ്മ രൂപീകരിക്കപ്പെട്ടതിനു പിന്നാലെ അതുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളും പതിവായിട്ടുണ്ട്. ചൂണ്ടയിടല്‍ മത്സരങ്ങള്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ടത് ഇത്തരം കൂട്ടായ്മകളുടെ നേതൃത്വത്തിലാണ്. പിന്നീടതു മറ്റുള്ളവര്‍ ഏറ്റെടുത്തു. തീരപ്രദേശങ്ങളിലെ ഓണാഘോഷങ്ങള്‍ക്കും മറ്റും ഇപ്പോള്‍ ചൂണ്ടയിടല്‍ മത്സരങ്ങള്‍ ഒഴിവാക്കാവാത്ത ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button