ബെംഗളൂരു : പുല്‍വാമ ഭീകരാക്രമണത്തില്‍ അന്തരിച്ച സി ആര്‍ പി എഫ് ജവാന്റെ ഭാര്യക്കു ഭര്‍ത്യസഹോദരനെ വിവാഹം കഴിക്കണമെന്ന സമ്മര്‍ദം. നഷ്ടപരിഹാര തുക കൈവിട്ടു പോകാതിരിക്കാനാണ് ഭര്‍ത്യവീട്ടുകാര്‍ ശ്രമിക്കുന്നത്. ആക്രമണത്തില്‍ മരിച്ച കര്‍ണാടകയിലെ മാന്ദ്യ സ്വദേശി ഗുരുവിന്റെ ഭാര്യാ കലാവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഗുരുവിന്റെ സഹോദരന്‍ കലാവതിയുടെ സമവയസ്‌കനാണ്
പാക്കിസ്ഥാന്‍ പിന്‍തുണയുള്ള ജെയ്ഷെ ഇ മുഹമ്മദ് എന്ന ഭീകരസംഘടനയിലെ അംഗമായ കാശ്മീരി യുവാവാണ് സി ആര്‍ പി എഫിന്റെ വാഹനത്തിനു നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ ഓടിച്ചു കയറ്റി പുല്‍വാമയിലെ ചോരക്കളത്തിനു കാരണകാരനായത്. ഇതില്‍ അന്തരിച്ച ഗുരുവിനു പല സ്രോതസ്സുകളില്‍ നിന്നും ധന സഹായം ലഭിച്ചിരുന്നു. മുഖ്യമത്രി എച്ച് ഡി കുമാരസ്വാമി 25 ലക്ഷം രൂപ നഷ്ടപരിഹാരവും കലാവതിക്ക് ജോലിയും വാഗദാനം ചെയ്തിരുന്നു. ഐ ടി ഭീമന്‍ ഇന്‍ഫോസിസിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഇന്‍ഫോസിസ് ഫൌണ്ടേഷന്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.
കന്നഡ രാഷ്ട്രീയ സിനിമ നേതാവ് അംബരീഷിന്റെ ഭാര്യയും മുന്‍കാല നടിയുമായ സുമലത ഗുരുവിന്റെ കുടുംബത്തിന് അര ഏക്കര്‍ ഭൂമിയും നല്‍കുമെന്ന് അറിയിച്ചിരുന്നു. സേനയുടെയും കേന്ദ്രത്തിന്റെയും സഹായത്തിനു പുറമെയാണ് ഇത്.
കലാവതിയുടെ പരാതി ഔദ്യോഗികമായി രേഖപെടുത്തിയിട്ടില്ലെന്നു അധികൃതര്‍ പറഞ്ഞു. കുടുംബ പ്രശ്‌നമായതിനാല്‍ സൗമ്യമായി പരിഹരിക്കാനാണ് നീക്കം. എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള നിയമ ലംഘനം കണ്ണില്‍ പെട്ടാല്‍ തക്ക നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. ഗുരുവും കലാവതിയും വിവാഹിതരായിട്ടു 10 മാസം തികയുന്നതേയുള്ളു.10 ദിവസത്തെ അവധിക്കു ശേഷം തിരികെ എത്തിയപ്പോഴാണ് ഗുരു ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കലാവതി എം എ വിദ്യാര്‍ത്ഥിനിയാണ് .
Post Your Comments