ഉപഭൂഖണ്ഡത്തില്‍ തന്ത്രപ്രധാനമായ ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന് പര്യാപ്തമാണ് ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. സ്ഥിതി ഇപ്പോഴും നിര്‍ണായകമാണ്. കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങുകയും അടിയന്തരപ്രതിസന്ധിയിലേക്കുള്ള യാത്രയുടെ വേഗത കൂട്ടുകയും ചെയ്യുന്ന നീക്കങ്ങളാണ് ഇന്ത്യയിലും പാകിസ്താനിലും നടക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കും യുദ്ധസമാനമായ സാഹചര്യത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ എളുപ്പത്തില്‍ കഴിയും. പക്ഷേ ഇരുപക്ഷങ്ങളിലും അതിന് മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യും. മുന്നോട്ട് പോയാല്‍ അത് അപകടത്തിലേക്കും ദുരന്തങ്ങളിലേക്കുമുള്ള യാത്രയുമാകും. കശ്മീര്‍ വിഷയമാക്കി രാജ്യത്തേക്ക് ഭീകരത കയറ്റിവിടുന്ന പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ ആവശ്യം. കശ്മീരിനെ മുന്നില്‍ കണ്ടാണ് പാകിസ്ഥാന്റെ കാലങ്ങളായുള്ള കളികള്‍. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ഇന്ത്യ പാകിസ്ഥാന്. യുഎന്‍ വേദികളില്‍ ഉള്‍പ്പെടെ ഭീകരത വിഷയമാക്കി ഇന്ത്യ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്.
ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നയങ്ങളില്‍ ഏറ്റവും നിര്‍ണായകമായ നീക്കമാണ് പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബാഗ്കോട്ടിലെ ക്യാമ്പില്‍ നടത്തിയ വ്യോമാക്രമണം. അതിര്‍ത്തി കടന്ന ഭീകരതയെ ചെറുക്കുന്നതിനുള്ള ഇന്ത്യന്‍നയത്തിലെ ശക്തമായ മാറ്റത്തിന്റെ സൂചന മാത്രമാണിത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പാകിസ്ഥാന്‍ ഭീകരവാദത്തിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ ഇന്ത്യ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഇക്കാലങ്ങളിലൊക്കെ പാക്കിസ്ഥാന് ഉറപ്പുണ്ടായിരുന്നു ഇന്ത്യയില്‍ നിന്ന് പരിധി വിട്ട പ്രതികരണം ഉണ്ടാകില്ലെന്ന്. പാകിസ്ഥാന്‍ ചെയ്യുന്നതുപോലെ ഭീകരത വഴി അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഇന്ത്യയുെട പാരമ്പര്യം അനുവദിക്കില്ലെന്ന ബോധ്യമാണ് വാസ്തവത്തില്‍ പാകിസ്ഥാന് ധൈര്യം നല്‍കിയത്. അഹിംസയുടെയും ക്ഷമയുടേയും പാതയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന് ഭീകരവാദികളെക്കൊണ്ട് പൊറുതിമുട്ടുണ്ടാക്കി സൈ്വര്യം കെടുത്തുന്ന പാക്കിസ്ഥാന്റെ പതിവ് രീതികള്‍ക്ക് ഇനിയും തിരിച്ചടി നല്‍കിയില്ലെങ്കില്‍ ഇനി എപ്പോഴാണ്….
ആണവ ഭീഷണി ഉയര്‍ത്തിയാണ് പാകിസ്താന്‍ ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ ആണവആധിപത്യം ഇന്ത്യയുടെ പരമ്പരാഗത ആയുധസമ്പത്തിന് അപ്പുറമാണെന്ന ധാര്‍ഷ്ട്യവും മിഥ്യാധാരണയുമാണ് ആ രാജ്യത്തെ അത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. ഇതാദ്യമായല്ല പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യന്‍നീക്കം ശക്തമാകുന്നത്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം അതിര്‍ത്തി രേഖ കടക്കരുതെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി ശക്തമായ നിര്‍ദ്ദേശമാണ് പാകിസ്ഥാന് നല്‍കിയത്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം സൈന്യത്തെ അണിനിരത്തി ഇന്ത്യ പാകിസ്ഥാനെതിരെ യുദ്ധഭീഷണി മുഴക്കിയിരുന്നു. വീണ്ടും, 26/11 ആക്രമണത്തിനുശേഷം മന്‍മോഹന്‍സിങ് സര്‍ക്കാരും പാകിസ്ഥാന് മറക്കാനാകാത്ത മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
ഉറി ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്കും പാകിസ്ഥാന് കിട്ടിയ ശക്തമായ പ്രഹരമാണ്. പുല്‍വാമ ചാവേര്‍ ബോംബ് സ്ഫോടനത്തിനുശേഷം, ബാല്‍കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം പാകിസ്താന്‍ അടിച്ചേല്‍പ്പിച്ച ചുവന്ന ലൈന്‍ തകത്ത് തരിപ്പണമാക്കുന്നതായി. വെറുതേ ഭീഷണിപ്പെടുത്താതെ അതിര്‍ത്തി കടന്ന് പാക്മണ്ണില്‍ തന്നെ മോദി നല്‍കിയ മറുപടിയായിരുന്നു അത്. വലിയ തിരിച്ചടിയായിരുന്നു പാകിസ്ഥാന് അത്. പാകിസ്ഥാന്‍ പാകിസ്ഥാനികള്‍ക്ക് എന്ന പാകിസ്ഥാന്റെ അപ്രമാദിത്വമാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യക്ക് ഭീഷണിയാകുന്ന പാക് മണ്ണിലെ ഭീകരപ്രവര്‍ത്തകരുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇനിയും ഇന്ത്യ ശക്തമാണെന്ന മുന്നറിയിപ്പായി വേണം ബാല്‍കോട്ട് ആക്രമണം പാകിസ്ഥാന്‍ വായിക്കേണ്ടത്. പാക്മണ്ണിലെത്തി ലാദന്റെ തല കൊയ്യാന്‍ അമേരിക്കക്ക് കഴിയുമെങ്കില്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ഭീകരകേന്ദ്രങ്ങള്‍ മുച്ചൂടെ തകര്‍ക്കാന്‍ ഇന്ത്യക്കും കഴിയും.
തിരിച്ചടിയ്ക്കല്ല സമാധാനത്തിനാണ് പാകിസ്ഥാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ത്യ ധര്‍മസങ്കടത്തിലാകും. പൂര്‍ണമായും ആ രാജ്യത്തെ വിശ്വസിച്ച് തുടങ്ങിവച്ച നടപടികള്‍ അവസാനിപ്പിക്കുന്നത് ബുദ്ധിയല്ല. അതേസമയം സമാധാനത്തിനുള്ള മണി മുഴക്കി പാകിസ്ഥാന് മുഴുവന്‍ ലോകശക്തികളുടെയും വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാം. ഇന്ത്യ നിലപാട് മയപ്പെടുത്തിയാല്‍ അത് പാകിസ്ഥാന് പഴയ ധാര്‍ഷ്ട്യവും അഹങ്കാരവും തിരികെ നല്‍കുന്നതാവും. ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ അതോടെ വീണ്ടും തലപൊക്കും. അതുകൊണ്ടുതന്നെ പാകിസ്ഥാന് നല്‍കേണ്ട അനിവാര്യമായ മറുപടിയിലേക്ക് തന്നെ ഇന്ത്യക്ക് കടക്കേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Post Your Comments