Latest NewsArticle

നാഷണല്‍ ഹെറാള്‍ഡ് : സോണിയ പരിവാര്‍ കൊള്ള നടത്തിയത് കോടതിക്കും ബോധ്യമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്തോട് മാപ്പ് പറയുമോ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

‘നാഷണല്‍ ഹെറാള്‍ഡ്’ കേസില്‍ ദല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇന്ന് പുറപ്പെടുവിച്ച ഉത്തരവ് അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസിനും അതിലുപരി രാഹുല്‍ ഗാന്ധിക്കും കനത്ത തിരിച്ചടിയാണ്. രാജ്യത്തെ വഞ്ചിച്ചുകൊണ്ട് കുടുംബ സ്വത്ത് വളര്‍ത്താനുള്ള ആസൂത്രിത പദ്ധതിയാണ് ഇവിടെ പൊളിഞ്ഞു വീണത്. ഇന്ത്യയെ കബളിപ്പിക്കാന്‍, പറ്റിക്കാന്‍, ഇതുപോലെ ഒരു കുടുംബവും ഇത്രത്തോളം ശ്രമിച്ചിട്ടുണ്ടാവില്ല. നേരത്തെ ദല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ഈ കേസില്‍ വിധി പ്രസ്താവിച്ചതാണ്; അത് സോണിയ- രാഹുല്‍ പ്രഭൃതികള്‍ക്ക് എതിരായിരുന്നു. അതിനെതിരെ അവര്‍ സമര്‍പ്പിച്ച അപ്പീലാണ് ഇപ്പോള്‍ നിരാകരിക്കപ്പെട്ടത്. രണ്ടാഴ്ചക്കകം കെട്ടിടം ഒഴിഞ്ഞുകൊടുക്കാനായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ അന്നത്തെ ഉത്തരവ്.

NATIONAL HERALD CASE

ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് തുടങ്ങിയതാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം. ഫിറോസ് ഗാന്ധി അതിന്റെ മാനേജിങ് ഡയറക്ടര്‍ ഒക്കെയായിരുന്നു, ഇന്ദിര ഗാന്ധിയെ വിവാഹം കഴിച്ചകാലത്ത്. അസോസിയേറ്റഡ് ജേര്ണല്‍സ് ലിമിറ്റഡ് എന്ന പേരില്‍ അതൊരു ലിമിറ്റഡ് കമ്പനിയായിരുന്നു; അക്കാലത്ത് അനവധി വ്യക്തികളും സ്ഥാപനങ്ങളുമൊക്കെ അതില്‍ ഓഹരി പങ്കാളിത്തം നേടി. എന്നാല്‍ അതിന്റെ നടത്തിപ്പ് കോണ്‍ഗ്രസിന്റെ കയ്യിലായിരുന്നു. കോണ്‍ഗ്രസ് പത്രം എന്ന നിലക്കാണ് അത് ആരംഭിച്ചത് എന്നതിലും ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ‘നാഷണല്‍ഹെറാള്‍ഡി’ന് വേണ്ടി രാജ്യത്തിന്റെ പലയിടത്തും സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കി; പാട്ടത്തിനും സൗജന്യമായും മറ്റും. അന്നൊക്കെ പണ്ഡിറ്റ് നെഹ്റു വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ലല്ലോ. എന്നാല്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്ക് നല്‍കുമ്പോള്‍ ചില വ്യവസ്ഥകള്‍ വെക്കുമല്ലോ. അതായത് എന്തിന് വേണ്ടിയാണോ ഭൂമി നല്‍കുന്നത്, അതെ ആവശ്യത്തിന് മാത്രമേ അത് ഉപയോഗിക്കാവൂ, അല്ലെങ്കില്‍ അത് സര്‍ക്കാരിന് തിരിച്ചെടുക്കാന്‍ അധികാരമുണ്ട് എന്നും മറ്റും. ആ വ്യവസ്ഥയുണ്ടാക്കിയതും നെഹ്റു സര്‍ക്കാര്‍ തന്നെയാണ്. അങ്ങിനെ ഡല്‍ഹിയിലും മറ്റ് പലയിടത്തും കണ്ണായ സ്ഥലങ്ങള്‍ അവര്ക്ക് പതിച്ചു കൊടുത്തു. പലയിടത്തും വലിയ മണിമാളികയും പണിതുയര്‍ത്തി. എന്നാല്‍ പില്‍ക്കാലത്ത് അവര്‍ ആ പത്രം നിര്‍ത്തി. ജീവനക്കാരെ പിരിച്ചുവിട്ടു; പ്രസ്സ് വിറ്റുകാശാക്കി.

അങ്ങിനെ ചെയ്യാന്‍ വേറൊരു താല്പര്യമുണ്ടായിരുന്നു. പത്രം നഷ്ടമാണ്; എന്നാല്‍ ആ വലിയ കെട്ടിടം വാടകക്ക് നല്‍കിയാല്‍ നല്ല ആദായവും. കാരണം അത്ര പ്രധാനപ്പെട്ട സ്ഥലത്താണ് അതൊക്കെയും. അങ്ങിനെ കോണ്‍ഗ്രസുകാരും പത്ര മാനേജ്‌മെന്റും ചേര്‍ന്ന് പത്ര സംബന്ധിയായ എല്ലാ പണികളും നിര്‍ത്തി; എന്നിട്ട് അതൊക്കെ വാടകക്ക് കൊടുത്തു. പലതും സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്. അപ്പോള്‍ പറയുന്ന വാടക കിട്ടും, അതും കൃത്യമായി. അങ്ങിനെ ജീവിച്ചുവരികയായിരുന്നു രാഹുല്‍- സോണിയ പരിവാര്‍. കോടികളാണ് ഓരോ വര്‍ഷവും വാടകയായി വാങ്ങിക്കൊണ്ടിരുന്നത്.

വാടക വഴിയുള്ള ആ വരുമാനമെടുത്ത് സുഖമായി കഴിഞ്ഞാല്‍ പോരാ അതൊക്കെ സ്വന്തം കുടുംബ സ്വത്താക്കണം എന്ന് രാഹുലും സോണിയയും ചിന്തിച്ചു. അതുവരെ ആരാണ് എന്താണ് ചെയ്യുന്നത് എന്നും മറ്റും ആരും ചിന്തിച്ചിരുന്നില്ല എന്നതുമോര്‍ക്കുക. എന്നിട്ടും ‘സ്വന്തം’ എന്ന ചിന്ത ഉണര്‍ന്നുവന്നു. ‘നാഷണല്‍ ഹെറാള്‍ഡ്’ നേരത്തെ സൂചിപ്പിച്ചത് പോലെ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് ( എജെഎല്‍ ) എന്ന പേരിലുള്ള ലിമിറ്റഡ് കമ്പനിയായതിനാല്‍ അത് എളുപ്പമല്ല. എല്ലാ ഓഹരി ഉടമകളുടെയും സമ്മതം വാങ്ങണം. എന്നാല്‍ അവിടെ കള്ളത്തരം കാണിക്കാന്‍ നിശ്ചയിച്ചു. പണമുണ്ടാക്കാന്‍ എന്ത് കള്ളത്തരവുമാവാം എന്നത് സോണിയ പരിവാറിന്റെ പ്രഖ്യാപിത നയമാണല്ലോ. അങ്ങിനെ സോണിയ, പുത്രന്‍, പിന്നെ രണ്ട് മൂന്ന് വിശ്വസ്തര്‍ എന്നിവരടങ്ങിയ മറ്റൊരു കമ്പനി ഉണ്ടാക്കി; യങ് ഇന്ത്യന്‍ ; എന്നിട്ട് നാഷണല്‍ ഹെറാള്‍ഡ് അധവാ എജെഎല്‍ അവര്‍ ഏറ്റെടുത്തു. അപ്പോള്‍ നാഷണല്‍ ഹെറാള്‍ഡിന് കൊടുക്കാനുള്ള പണം കോണ്‍ഗ്രസ് പാര്‍ട്ടി കൊടുക്കുന്നതായി രേഖയുണ്ടാക്കി…… എജെഎല്‍ ഓഹരി ഉടമകള്‍ അറിയാതെ ഇത് ചെയ്തുകൂടാ. ഇവിടെ ഓര്‍ക്കേണ്ടത് ഇത് തുടങ്ങിയത് നെഹ്രുവാണ് എന്ന് സൂചിപ്പിച്ചുവല്ലോ; അന്ന് കൂടെയുണ്ടായിരുന്നത് ജിബി പന്ത്, പുരുഷോത്തം ദാസ് ടണ്ഠന്‍, ആചാര്യ നരേന്ദ്ര ദേവ്, കൈലാസ് നാഥ് കട്ജു , റാഫി അഹമ്മദ് കിദ്വായി എന്നിവരൊക്കെ. ശാന്തി ഭൂഷന്റെ പിതാവും ഓഹരി ഉടമയായിരുന്നു. അക്കാലത്തു കോണ്‍ഗ്രസുമായും സ്വാതന്ത്ര്യ പ്രക്ഷോഭവുമായുമൊക്കെ ബന്ധപ്പെട്ടവരെയൊക്കെ ഓഹരി പങ്കാളിയാക്കിയിരുന്നു എന്നര്‍ത്ഥം. അവരുടെ പിന്‍തലമുറക്കാര്‍ ഇന്ന് അതിന് അവകാശികളാണ്. അവരെയൊക്കെ കബളിപ്പിച്ചുകൊണ്ട് കള്ള രേഖയുണ്ടാക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിമാരുടെ കുടുംബത്തെ മുഴുവന്‍ രാഹുലും സോണിയയും ഒക്കെച്ചേര്‍ന്ന് കബളിപ്പിച്ചു എന്നര്‍ത്ഥം.

ഇവിടെ ഒരു പ്രശ്‌നം കൂടിയുണ്ട്. ഒരു രാഷ്ട്രീയ കക്ഷി അതിന് കിട്ടുന്ന പണം മറ്റൊരാവശ്യത്തിനായി കൊടുത്തുകൂടാ എന്നുണ്ട്. അതാണ് നിയമം. മറിച്ച് ചെയ്താല്‍ അതുകൊണ്ട് തന്നെ അവരുടെ അംഗീകാരം റദ്ദാക്കാന്‍ പോലും കഴിയും. എന്നാല്‍ അതാണ് സോണിയ ചെയ്തത്. അതൊക്കെ പുറത്തുവന്നു. അവസാനം സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ വസ്തുവഹകള്‍ മാറ്റം ചെയ്യപ്പെട്ടു എന്നും അത് സര്‍ക്കാരിന് നല്‍കിയ വാഗ്ദാനങ്ങളുടെ, ഉറപ്പിന്റെ, ലംഘനമാണ് എന്നും കണ്ടെത്തി. അങ്ങിനെയാണ് ആ ഭൂമികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ചില സംസ്ഥാനങ്ങളും അതിന് നടപടി തുടങ്ങിയിട്ടുണ്ട്. അതിനെതിരെ കോണ്‍ഗ്രസ് നടത്തിയ നിയമ പോരാട്ടമാണ് ഇപ്പോള്‍ ഈ നിലയിലെത്തിയത്. ഇവിടെ നാം കാണേണ്ട മറ്റൊരു കാര്യം, ഡല്‍ഹിയില്‍ മാത്രമല്ല ഇതുപോലെ അവര്‍ കണ്ണായ ഭൂമി സ്വന്തമാക്കിയത് എന്നതാണ്; മുംബൈ, അലഹബാദ്, പഞ്ച് കുല, ലക്നോ , ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലും വലിയ വിലയുള്ള ഭൂമിയും കെട്ടിടവുമുണ്ട്. അതൊക്കെ ഈ തട്ടിപ്പിലൂടെ സോണിയ പരിവാറിന് സ്വന്തമായിരുന്നു. അതാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

ഇവിടെ കുറെ ചോദ്യങ്ങള്‍ ഉയരുന്നു; ഒരു ദേശീയ രാഷ്ട്രീയ കക്ഷിക്ക് നേതൃത്വം നല്‍കുന്നവര്‍ ഇത്തരമൊരു വലിയ തട്ടിപ്പ് നടത്താമോ?. അത് കോടതിയില്‍ തെളിയിക്കപ്പെട്ട സ്ഥിതിക്ക് അവര്‍ക്കെതിരെ തുടര്‍ നിയമ നടപടികള്‍ വേണ്ടേ?. അവരെ പ്രോസിക്യൂട്ട് ചെയ്യണ്ടേ?. കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയത് ഭൂലോക തട്ടിപ്പാണ്; അത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണാതെ പോകുന്നത് ശരിയാണോ?. ഇത് കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസാണ്; അത് ആ നിലക്ക് മുന്നോട്ട് പോകേണ്ടതല്ലേ. സര്‍വോപരി, ഈ തട്ടിപ്പിനെ പ്രതിപക്ഷ കക്ഷികള്‍ എങ്ങിനെ കാണുന്നു……. കോണ്‍ഗ്രസിന്റെ തലപ്പത്തുളള കുടുംബം നടത്തിയ ഈ വന്‍ തട്ടിപ്പ് മര്യാദയായില്ല എന്നെങ്കിലും അവര്‍ പറയുമോ; അതോ മോഡി വിരുദ്ധ കൂട്ടുകെട്ടിന്റെ മറവില്‍ അവര്‍ തട്ടിപ്പുകാര്‍ക്കൊപ്പം നില്‍ക്കുമോ?. ഈ തട്ടിപ്പ് നടത്തിയവര്‍ രാഷ്ട്രത്തോട് , ഇന്നാട്ടിലെ ജനതയോട് പരസ്യമായി മാപ്പ് പറയണം എന്നെങ്കിലും ഈ പ്രതിപക്ഷം സോണിയ- രാഹുല്‍ പ്രഭൃതികളോട് ആവശ്യപ്പെടുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button