Latest NewsIndia

കശ്മീര്‍ ഉള്‍പ്പെടെ എട്ട് വിമാനത്താവളങ്ങള്‍ അടച്ചു : വ്യോമഗതാഗതം സ്തംഭിച്ചു

വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു അതീവ ജാഗ്രത

ശ്രീനഗര്‍ : ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ എട്ട് വിമാനത്താവളങ്ങള്‍ താത്ക്കാലികമായി അടച്ചു. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങളിലെ എട്ട് വിമാനത്താവളങ്ങള്‍ അടച്ചത്. ലേ, ജമ്മു, ശ്രീനഗര്‍,ചണ്ഡീഗഡ്, അമൃത്‌സര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടങ്ങള്‍ വ്യോമ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയുടെ സുഗമമായ പറക്കലിനു വേണ്ടിയാണ് നീക്കമെന്നാണു വിശദീകരണം. കശ്മീരിലെ ബുഡ്ഗാം ജില്ലയില്‍ വ്യോമസേന ജെറ്റ് തകര്‍ന്നതിനു പിന്നാലെയാണ് വിമാനത്താവളങ്ങളില്‍ നിര്‍ദേശം നല്‍കിയത്.

സുരക്ഷ കാരണങ്ങളാല്‍ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രാവിമാനങ്ങള്‍ അടക്കമുള്ളവ ഈ വിമാനത്താവളങ്ങളില്‍ തടഞ്ഞിട്ടിരിക്കുകയാണ്. അതേസമയം ഏതു തരത്തിലുള്ള ജാഗ്രതാ നിര്‍ദേശമാണു വിമാനത്താവളങ്ങള്‍ക്കു നല്‍കിയിട്ടുള്ളതെന്നു വ്യക്തമല്ല.

ജമ്മു, ലേ, ശ്രീനഗര്‍ വിമാനത്താവളങ്ങളിലേക്കു വരാനിരുന്ന പല വിമാനങ്ങളും തിരിച്ചുവിട്ടു. അതേസമയം പാക്കിസ്ഥാനിലെ ലഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്‌ലാമബാദ് വിമാനത്താവളങ്ങളില്‍നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളും അടിയന്തരമായി നിര്‍ത്തിവച്ചു. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വിമാനത്താവളങ്ങള്‍ അടച്ചത് ഇരു രാജ്യങ്ങളുടെയും വ്യോമ മേഖലയിലൂടെ പറക്കുന്ന രാജ്യാന്തര വിമാനങ്ങളെ ബാധിച്ചു. ചില വിമാനങ്ങള്‍ പുറപ്പെട്ട വിമാനത്താവളത്തിലേക്കു തന്നെ മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button