KeralaLatest News

കിസാന്‍ സമ്മാന്‍ നിധിയ്‌ക്കെതിരെ വ്യാപകമായി വ്യാജ സന്ദേശങ്ങള്‍

സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയ്ക്ക് എതിരെ വ്യാപകമായി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നു. സമൂഹ മാധ്യമങ്ങളിലാണ് ആനുകൂല്യം സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് അറിയിച്ചു. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്കെതിരേ കൃഷിവകുപ്പ് നടപടികളെടുക്കുമെന്ന് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. കിസാന്‍ സമ്മാന്‍ നിധിയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും ശബ്ദശകലങ്ങളും വീഡിയോകളും നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍.

ആനുകൂല്യം വാങ്ങിയാല്‍ ഭൂമി ഡേറ്റാ ബാങ്കിലാക്കുമോ? അതെയെന്ന തരത്തിലെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കുറഞ്ഞത് 10 സെന്റ് ഭൂമി വേണം, റേഷന്‍ കാര്‍ഡില്‍ ജോലി കൃഷിയെന്ന് വേണം തുടങ്ങിയ പ്രചാരണങ്ങളുമുണ്ട്. അപേക്ഷ ലക്ഷങ്ങളായെങ്കിലും സംസ്ഥാനത്ത് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ആനുകൂല്യം കിട്ടുകയുള്ളൂവെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇതൊന്നും കൃഷി വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകളല്ല. പദ്ധതിയെ തകര്‍ക്കുന്ന തരത്തില്‍ പല കോണുകളില്‍ നിന്നായി പ്രചരിപ്പിക്കപ്പെടുന്നതാണ്.

സര്‍ക്കാര്‍ ഉത്തരവുകളും മാര്‍ഗ രേഖകളും കൃഷി വകുപ്പിന്റെ ഔദ്യോഗിക നിര്‍ദേശങ്ങളും മാത്രമേ ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കേണ്ടതുള്ളൂവെന്ന് സര്‍ക്കുലറിലുണ്ട്. വ്യാജ പ്രചാരണങ്ങള്‍ ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്.

കൃഷി വകുപ്പ് നേരത്തേ പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങളില്‍ ആനുകൂല്യത്തിന് അര്‍ഹരല്ലാത്തവരെപ്പറ്റി പരാമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇന്‍കം ടാക്‌സ് അടയ്ക്കുന്നവര്‍, അഞ്ച് ഏക്കറിലധികം കൃഷി ഭൂമിയുള്ളവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. ഇങ്ങനെയുള്ളവരില്‍ നിന്ന് കൃഷി ഭവനുകളില്‍ അപേക്ഷ സ്വീകരിക്കുന്നില്ലായിരുന്നു. എന്നാല്‍, ആരുടെയും അപേക്ഷ സ്വീകരിക്കാത്ത സാഹചര്യമുണ്ടാകരുതെന്നാണ് പുതിയ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button