രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഒന്നാം റൗണ്ടാണ് ഇത്. ബാക്കി പിന്നാലെ ഉണ്ടാവണം.അതെ, നമ്മുടെ വീര വ്യോമ സേനാംഗങ്ങള്‍ അത് ചെയ്തുകഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ ലക്ഷ്യമിട്ടത് ജെയ്ഷ് ഇ മുഹമ്മദ് ഭീകര ക്യാമ്പുകള്‍. ആയിരം കിലോഗ്രാം ആണ് ഏതാണ്ട് 12 യുദ്ധവിമാനങ്ങള്‍ അവിടെ നിക്ഷേപിച്ചത് എന്നാണ് സൂചനകള്‍ . എത്ര പേര് മരിച്ചു എന്ന് പറയാറായിട്ടില്ല. എന്നാല്‍ മുന്നൂറിലേറെ എന്നതാണ് ആദ്യ വിവരങ്ങള്‍.ബാല്‍കോട്ട്, മുസാഫറാബാദ്, ചാക്കൊത്തി എന്നിവിടങ്ങളിലെ ജെയ്ഷ് ക്യാമ്പുകള്‍ തകര്‍ത്തു; അവരുടെ കോണ്‍ട്രോളിങ് ഓഫിസും നശിച്ചിട്ടുണ്ട് എന്ന് വാര്‍ത്തകള്‍. ഇന്ത്യന്‍ വ്യോമാക്രമണം നടന്നു എന്ന് പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്; പക്ഷെ തങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നും അവര്‍ പറയുന്നു. ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നപ്പോഴും അതാണല്ലോ അവര്‍ പറഞ്ഞത്; അത് കേട്ടിട്ടാണ് രാഹുല്‍ ഗാന്ധിയും കെജ്രിവാളും യച്ചൂരി സഖാവുമൊക്കെ തെളിവ് ചോദിച്ചുകൊണ്ട് വന്നതും. എന്തായാലും ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമല്ല വിദേശ മാധ്യമങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരും. ഇന്ത്യക്കും ചില സോഴ്സുകള്‍ ഉണ്ടല്ലോ. കുറച്ചുനേരത്തിനകം യഥാര്‍ഥ ചിത്രം വ്യക്തമാവും.
ഫ്രഞ്ച് നിര്‍മ്മിത മിറാജ്-2000 യുദ്ധ വിമാനങ്ങളാണ് കുറേനാളുകളായി ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത്. കാര്‍ഗില്‍ യുദ്ധ വേളയിലും നാം അതാണ് ഉപയോഗിച്ചത്. 1985 ലാണ് അവ കമ്മീഷന്‍ ചെയ്യപ്പെടുന്നത്. ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഇതുവരെ അവ നിലകൊണ്ടു എന്ന് പറയാം. എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ് മിസൈലുകള്‍ കൊണ്ടുപോകാനും ഉപയോഗിക്കാനും ഇതുകൊണ്ട് കഴിയും. ഇന്നലെ പുലര്‍ച്ചെ നടന്ന ഓപ്പറേഷനില്‍ പന്ത്രണ്ട് യുദ്ധ വിമാനങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സൂചനകള്‍.
ഇന്ന് രാവിലെ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിദേശ- ധന കാര്യമന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സേന മേധാവിമാര്‍ എന്നിവര്‍ അതില്‍ സംബന്ധിച്ച്. സാധാരണ നിലക്ക് ആ യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാറില്ല; ഇന്ന് പക്ഷെ യോഗം നടക്കുന്ന ഫോട്ടോ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ എത്തിച്ചുകൊടുത്തു. ഒരു പദ്ധതി വിജയിച്ചതിന്റെ സൂചന അതിലുണ്ട്. മാത്രമല്ല ഇനി എന്ത് എന്നതാവും ഇന്നത്തെ സുരക്ഷാ സമിതി യോഗത്തില്‍ ചര്‍ച്ചചെയ്തത് എന്നും വ്യക്തം.
‘പുല്‍വാമ’- ക്ക് ശേഷം ‘വേണ്ടുന്ന നടപടിയെടുക്കാന്‍’ ഇന്ത്യന്‍ പ്രധാനമന്ത്രി സുരക്ഷാ ഏജന്‍സികളെ ചുമതലപ്പെടുത്തിയിരുന്നു. എന്താണ് ശത്രുവിന് വേണ്ടത് അത് കൊടുത്തോളാനാണ് അവരോട് പറഞ്ഞത്. മാത്രമല്ല അക്കാര്യം നരേന്ദ്ര മോഡി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു പക്ഷെ ഇതുപോലെ ആക്രമിക്കാന്‍ സുരക്ഷാ സേനക്ക് അനുമതികള്‍ നല്‍കിയെന്ന് പരസ്യമായി പറഞ്ഞ ഒരു പ്രധാനമന്ത്രി വേറെ ഉണ്ടന്‍വണമെന്നില്ല. അത്രമാത്രം വിശ്വാസം പ്രധാനമന്ത്രിക്ക് നമ്മുടെ സുരക്ഷാ സേനയില്‍ ഉണ്ട് എന്നതാണ് അത് കാണിക്കുന്നത്. മറ്റൊന്ന്, തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നതാണ് നയം; കയ്യും കെട്ടി വായ് മൂടിയിരിക്കുന്ന പഴയ യുപിഎ-യുടെ നയമല്ല തന്റെ സര്‍ക്കാരിന്റേത് എന്നത് നേരത്തെ മോഡി തെളിയിച്ചതുമാണ്. മുന്‍പ് എന്തൊക്കെ പാക്കിസ്ഥാന്‍ ചെയ്താലും മിണ്ടാതിരിക്കുകയായിരുന്നല്ലോ ഇന്ത്യ ചെയ്തത്. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോഴോ നമ്മുടെ സൈനികരുടെ തലയറുത്തപ്പോഴോ ഒന്നും പ്രതികരിക്കാന്‍ തയ്യാറാവാതിരുന്നത് ഓര്‍ക്കുക.അന്ന് മലയാളിയായ എകെ ആന്റണിയായിരുന്നു പ്രതിരോധ മന്ത്രി.
ഇത്തവണ ജെയ്ഷ് ഇ മുഹമ്മദിന്റെ പരിശീലന ക്യാമ്പാണ് തകര്‍ത്തത്. അത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ അല്ല എന്നത് ഓര്‍ക്കണം; അത്രയേറെ പാക് അതിര്‍ത്തികടന്നുചെന്നാണ് ഈ ആക്രമണം ഇന്ത്യന്‍ സേന നടത്തിയത്. അത്രമാത്രം കരുതലുണ്ടായിരുന്നു; വ്യക്തതയും. ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടുന്നതിനായി അതിര്‍ത്തി മേഖലയില്‍ അവര്‍ സജ്ജമാക്കിയിട്ടില്ല ലൗഞ്ചിങ് പാഡുകള്‍ ആവും ഇന്ത്യ ലക്ഷ്യമിടുക എന്ന് പാകിസ്ഥാന്‍ കരുതിയിരുന്നു എന്നുവേണം കരുതാന്‍. ആ ക്യാമ്പുകള്‍ അവര്‍ അടച്ചുപൂട്ടിയിരുന്നു; മാത്രമല്ല ഭീകരരെയും ട്രെയിനികളെയും പരിശീലന ക്യാമ്പിലേക്ക് മാറ്റി. അതാണ് ഇപ്പോള്‍ ആക്രമിക്കപ്പെട്ടത്.
ഇതിപ്പോള്‍ ഇന്ത്യയില്‍ നിന്നുമാണ് ആക്രമണം ഉണ്ടായത്. അടുത്ത ദിവസങ്ങളില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്നും പാകിസ്ഥാന്‍ ആക്രമണം നേരിട്ടാല്‍ അതിശയിക്കാനില്ല. ഇറാന്‍ അതിന് തയ്യറെടുത്തിട്ടുണ്ട് എന്നാണ് കരുതേണ്ടത്. ഇന്ത്യയിലെത് പോലെ ഇറാനിലും പാക് ഭീകരര്‍ ആക്രമണം നടത്തിയിരുന്നുവല്ലോ. ഇതൊക്കെ കഴിഞ്ഞിട്ടും, യുഎന്‍ ശക്തമായ നിലപാട് എടുത്തിട്ടും, പാക്കിസ്ഥാന്‍ ഒരു ഭീകര വിരുദ്ധ നടപടിയും എടുക്കുന്നില്ല എന്നതാണ് കാണേണ്ടത്. ഇപ്പോഴും കൊടും ഭീകരര്‍ക്ക് അവര്‍ താവളമൊരുക്കുന്നു; അവരെ സംരക്ഷിക്കുന്നു. ഏറ്റവുമൊടുവില്‍ കേട്ടത് ജെയ്ഷ് തലവന്‍ മസൂദ് അസര്‍ സുരക്ഷിതമായി ജീവിക്കുന്നത് മിലിറ്ററി ആശുപത്രിയിലാണ് എന്നാണ്. ഒരു യുദ്ധ സമയത്തും ആശുപത്രികള്‍ ആക്രമിക്കാന്‍ സാധാരണ തയ്യാറാവാറില്ലല്ലോ. അത്രക്ക് പരിരക്ഷയാണ് ഭീകരര്‍ക്ക് ഇസ്ലാമബാദ് നല്‍കുന്നത്.
Post Your Comments