Latest NewsIndiaInternational

ഉഗ്ര സ്ഫോടകവസ്തുക്കള്‍, അത്യന്താധുനിക പരിശീലനം; ജയ്ഷെ ക്യാംപിലുണ്ടായിരുന്നത് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍: ഭീകരരെ ഇന്ത്യവധിച്ചത് ഉറങ്ങിക്കിടക്കുമ്പോള്‍

ദില്ലി: ബലാകോട്ടിലുണ്ടായിരുന്ന ജയ്ഷെ മുഹമ്മദിന്‍റെ ഭീകരവാദി ക്യാംപിലുണ്ടായിരുന്നത് അത്യന്താധുനിക സൗകര്യങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഭീകരരും ചാവേറുകളും അടങ്ങുന്ന നൂറ് കണക്കിന് പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കഴിഞ്ഞിരുന്ന അബൊട്ടാബാദിന് 80 കിലോമീറ്റര്‍ അകലെയാണ് ബലാകോട്ട്. ഇതില്‍ നിരവധിപ്പേര്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കശ്മീരിലെ വിവിധ ക്യാംപുകളിലായിരുന്ന ഇവരെ എല്ലാവരെയും ബലാകോട്ടിലെ കനത്ത കാട്ടിനുള്ളിലെ പരിശീലനകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ആധുനിക സൗകര്യങ്ങളുള്ള ഈ ക്യാംപില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുണ്ടായിരുന്നെന്നാണ് സൂചന.ഭീകരര്‍ ഉറങ്ങുമ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ വിമാനങ്ങള്‍ ഇങ്ങോട്ട് പറന്നെത്തി ആക്രമണം നടത്തിയത്. വെറും 90 സെക്കന്‍റില്‍ ക്യാംപിന് മേല്‍ ബോംബ് വര്‍ഷിച്ച്‌ ഇന്ത്യന്‍ വിമാനങ്ങള്‍ തിരികെപ്പറന്നു. ഒരു പോറല്‍ പോലും സൈനികര്‍ക്കോ വിമാനങ്ങള്‍ക്കോ ഏറ്റതുമില്ല.ജയ്ഷെ മുഹമ്മദിന്‍റെ പാകിസ്ഥാനിലെ ഏറ്റവും വലിയ പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്നു ബലാകോട്ടിലേത്. ജയ്ഷെ തലവന്‍ മസൂദ് അസറിന്‍റെ ബന്ധുക്കളെയെല്ലാം പരിശീലിപ്പിച്ചത് ഇവിടെയാണ്.

മസൂദ് അസറിന്‍റെ ഭാര്യാ സഹോദരന്‍മാരിലൊരാളായ യൂസുഫ് അസറായിരുന്നു ഈ കേന്ദ്രം നടത്തിയിരുന്നത്.കുന്‍ഹാര്‍ നദിയുടെ തൊട്ടടുത്തുള്ള പ്രദേശത്ത് ഭീകരവാദികള്‍ക്ക് ഏതൊഴുക്കിനെയും നീന്തിത്തോല്‍പിക്കാനുള്ള പരിശീലനം നല്‍കിയിരുന്നു. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെ, സുരക്ഷാസേനയുടെ വാഹനങ്ങള്‍ ആക്രമിക്കുന്നതെങ്ങനെ, ചാവേറാക്രമണങ്ങള്‍ നടത്തുന്നതെങ്ങനെ, അതിനായി വാഹനങ്ങള്‍ തയ്യാറാക്കി നിര്‍ത്തുന്നതെങ്ങനെ, ഇന്ത്യന്‍ സൈന്യത്തിന്‍റെ പിടിയിലകപ്പെട്ടാല്‍ ഏത് സമ്മര്‍ദ്ദത്തെയും നേരിടുന്നതെങ്ങനെ എന്നിവയെല്ലാം പരിശീലിപ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങളുണ്ട് ഈ ക്യാംപില്‍.

മതപരമായ ആശയപ്രചാരണവും ഭീകരവാദികളെ കടുത്ത രീതിയില്‍ മനസ്സ് മാറ്റിയെടുക്കലും ലക്ഷ്യമിട്ട് നിരവധി മതപഠനക്ലാസ്സുകള്‍ ഈ ക്യാംപില്‍ നടക്കാറുണ്ടായിരുന്നു.325 ഭീകരവാദികളും 25 മുതല്‍ 27 വരെയുള്ള പരിശീലകരും ഇവിടെയുണ്ടായിരുന്നെന്നാണ് സൂചന. മസൂദ് അസറും മറ്റ് നേതാക്കളും കൃത്യമായ ഇടവേളകളില്‍ ഇവിടെയെത്തി ഭീകരവാദികള്‍ക്ക് ക്ലാസ്സെടുക്കാറുണ്ട്, പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. ഈ ഇടം പണ്ട് ഹിസ്‍ബുള്‍ മുജാഹിദ്ദീനും ക്യാംപായി ഉപയോഗിച്ചിരുന്നെന്നാണ് സൂചന.തങ്ങളുടെ അതിര്‍ത്തി കടന്ന് ഇത്ര ദൂരത്തേക്ക് എത്തി ഇന്ത്യ ആക്രമണം നടത്തുമെന്നു പാക്ക് ചാരസംഘടനകള്‍ കരുതിയിരുന്നില്ല.

എന്നാല്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറന്നെത്തി ബോംബ് വര്‍ഷിച്ചപ്പോള്‍ പാക്കിസ്ഥാന്‍ സ്തബ്ധരായി. കൊടും ഭീകരരും പരിശീലകരും ഉള്‍പ്പെടെ 500 മുതല്‍ 700 വരെ ആളുകളാണ് ബാലാക്കോട്ടിലെ ക്യാംപിലുണ്ടായിരുന്നത്. ഇതില്‍ 350 പേര്‍ കൊല്ലപ്പെട്ടുവെന്നാണു സൂചന. പാക്ക് അധിനിവേശ കശ്മീരിലെ ക്യാംപുകളില്‍ നിന്ന് ഭീകരരെ പാക്ക് സൈന്യം ഒഴിപ്പിച്ചതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു.

സ്വിമ്മിങ് പൂളും പരിചാരകരും പാചകക്കാരും ഉള്‍പ്പെടെ വന്‍ സന്നാഹങ്ങളാണ് ബാലാക്കോട്ടിലെ കേന്ദ്രത്തില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.സ‌ര്‍ജിക്കല്‍ സ്ട്രെെക്കിനായി ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത് മിറാഷ് 2000 പോര്‍വിമാനങ്ങളാണ്. അത്യാധുനിക മിസൈലുകള്‍ വര്‍ഷിക്കാന്‍ സാധിക്കുന്ന പന്ത്രണ്ട്‌ മിറാഷ് 2000 വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button