കാസര്‍കോട്: ജില്ലയെ ദക്ഷിണേന്ത്യയുടെ ബാംബൂ കാപിറ്റലായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പദ്ധതിക്കു വേണ്ട മുളത്തൈകള്‍ ഉല്‍പാദിപ്പിക്കാനായി ജില്ലയിലെ ആദ്യത്തെ നഴ്‌സറി പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ബാംബൂ കാപിറ്റല്‍ ഓഫ് കേരള ജില്ലാതല നഴ്‌സറി ഉദ്ഘാടനം പൈവളിഗെ പഞ്ചായത്ത് ഓഫീസ് പരിസരത്ത് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സാധാരണയായി വേലി കെട്ടാനുപയോഗിച്ചിരുന്ന മുളകൊണ്ട് ജില്ലയില്‍ പ്രകൃതിയുടെ പ്രതിരോധം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ബാംബൂ കാപിറ്റല്‍ പദ്ധതി നടപ്പാകുന്നതോടെ ജില്ലയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ സാമൂഹിക-സാമ്പത്തിക സമവാക്യങ്ങളില്‍ ചരിത്രപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുതകുന്ന വിപുലമായ പദ്ധതിയിലൂടെ കാസര്‍കോടിനെ ദക്ഷിണേന്ത്യയിലെ പ്രധാന ബാംബൂ ഹബായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഈ പ്രദേശങ്ങളില്‍ മൂന്നു ലക്ഷം തൈകള്‍ ഒറ്റ ദിവസം കൊണ്ട് നട്ടു പിടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് മുളത്തൈകള്‍ ഉല്‍പ്പാദിപ്പിച്ച് നിശ്ചിത കാലയളവുവരെ നട്ട് പരിപാലിക്കുന്നത്.
താരതമ്യേന വ്യാവസായിക സംരഭങ്ങള്‍ കുറവായ ജില്ലയില്‍ റവന്യൂ ഭൂമികള്‍ തരിശായി കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരണ്ടുണങ്ങിയ ഇത്തരം ലാറ്ററൈറ്റ് ഭൂപ്രദേശങ്ങളെ ഹരിതാഭമാക്കാനാണ് വിപുലമായ പദ്ധതി തയ്യാറാക്കുന്നത്. മുളയുടെ വ്യാപനത്തോടെ പാറ പ്രദേശങ്ങളില്‍ നേരിയ വിള്ളല്‍ ഉണ്ടാകുന്നത് വഴി മഴവെള്ളം ഭൂമിയിലേക്ക് താഴ്ന്ന് ഭൂമിക്കടിയിലെ വെള്ളത്തിന്റെ ലഭ്യതയില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കുന്നു. ഇതിലൂടെ നദികളേറെയുണ്ടായിട്ടും വേനലാരംഭത്തില്‍ തന്നെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താന്‍ സാധിക്കും. മുള കൊണ്ടുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനുള്ള പുതിയ മാര്‍ഗവും ഉയര്‍ന്നു വരും.
Post Your Comments