കിളിമാനൂര്‍ : ഗള്‍ഫില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിന്റേത് ദുരൂഹ മരണമെന്ന് മാതാവ്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. പോങ്ങനാട് കിളിക്കോട്ടുകോണം ജിന്‍സ് നിവാസില്‍ ജിന്‍സ്(27) ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ ക്കുറിച്ച് അന്വേഷണം നടത്തമെന്നാവശ്യപ്പെട്ടാണ് മാതാവ് സേതുലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 2013 നവംബര്‍ 5ന് രാവിലെ 9ന് കിളിക്കോട്ട്‌കോണത്ത് റബര്‍ പുരയിടത്തിലെ കിണറ്റിലാണ് ജിന്‍സനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നവംബര്‍ നാലിന് രാത്രിയില്‍ ചിലര്‍ ചേര്‍ന്ന് മകനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയുണ്ടായിയെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ നിന്നു രക്ഷപ്പെടുന്നതിനായി സുഹുത്തുക്കളും മകനും ഓടിപ്പോയെങ്കിലും സുഹൃത്തുക്കളെ മാത്രമാണ് കണ്ടു കിട്ടിയത്. രാത്രി 11.30ന് കിണറ്റില്‍ നോക്കിയെങ്കിലും ഒന്നും കാണപ്പെട്ടില്ല. എന്നാല്‍ പിറ്റേ ദിവസം രാവിലെ 9 മണിയോടെ അതേ കിണറ്റില്‍ മകന്റെ മൃതദേഹം കാണപ്പെട്ടതായും പരാതിയില്‍ പറയുന്നു
മകന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതല്ലെന്നും കൊലപ്പെടുത്തി കിണറ്റില്‍ ഇട്ടതാണെന്നും പരാതിയിലുണ്ട്. ആദ്യം ലോക്കല്‍ പൊലിസും പിന്നീട് ക്രൈബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും മകന്‍ മരിച്ചതിന്റെ സത്യാവസ്ഥ പുറത്ത് വന്നില്ലെന്നും അന്വേഷണം നേരായ രീതിയില്‍ നടത്തി മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Post Your Comments