കല്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍. ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാടിലാണ് പിടിയിലായത്. കഴിഞ്ഞ 24 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു.കേസില്‍ പ്രതിയായ മുന്‍ ഡിസിസി സെക്രട്ടറി ഒ.എം.ജോര്‍ജിനെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്തെന്നാണ് കേസ്.
കേസില്‍ ഒ.എം.ജോര്‍ജ് മാനന്തവാടിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ കീഴടങ്ങിയിരുന്നു. ഒന്നരവര്‍ഷമായി ജോര്‍ജ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വിദ്യാർത്ഥിയായ പെണ്‍കുട്ടിയെ വീട്ടില്‍വച്ചും മറ്റുമാണു പീഡിപ്പിച്ചത്. കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.തുടർന്ന് പോക്സോ പ്രകാരം ബത്തേരി പോലീസ് കേസെടുത്തതിനു പിന്നാലെ ജോര്‍ജ് ഒളിവില്‍ പോവുകയായിരുന്നു.
ബലാത്സംഗം, പീഡനം, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ജോര്‍ജിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.
Post Your Comments