പ്രണയം ഒരു അനുഭൂതിയാണ്. അത് അനുഭവിച്ച് തന്നെ അറിയണമെന്നാണ് പലരും പറയുന്നത്. അത്തരത്തില്‍ പ്രണയിച്ചിട്ട് വിട്ട് കൊടുക്കാതെ ഒന്നിക്കാനായി മൂന്ന് പതിറ്റാണ്ടോളം കാത്തിരുന്ന് ഈ ദമ്പതികളെ നമുക്കൊന്ന് പരിചയപ്പെടാം. ഫാം ങോക് കാനും റി യോങ് ഹൂയിയുമാണ് ഈ കഥയിലെ താരങ്ങള്‍. ഒട്ടനേകം പ്രണയങ്ങള്‍ തകര്‍ച്ചയില്‍ മാത്രം ഒടുങ്ങുമ്പോള്‍ ആ പ്രണയത്തിന് വേണ്ടി മാത്രം കാത്തിരുന്ന ഈ ദമ്പതികളുടെ കഥ തുടങ്ങുന്നത് ഉത്തരകൊറിയയില്‍ വെച്ചാണ്. വിദേശികളോട് മിണ്ടുന്നത് വിലക്കപ്പെട്ട രാജ്യമായ ഉത്തരകൊറിയയില്‍ കൊറിയക്കാരിയായ റീയും വിയറ്റ്‌നാംകാരനായ ഫാമും എങ്ങനെ പ്രണയത്തിലായി എന്ന് നമുക്ക് നോക്കാം. അമ്പത് വര്‍ഷം മുമ്പ് ഉത്തര കൊറിയയിലേക്ക് പോകുമ്പോള്‍ ഫാം ഒരു വിദ്യാര്‍ത്ഥിയായിരുന്നു. യുദ്ധം അവസാനിച്ചാല്‍ യുദ്ധത്തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ പുനര്‍നിര്‍മിക്കാനാവശ്യമായ വൈദഗ്ധ്യം ആര്‍ജിക്കാനായിരുന്നു അവര്‍ അങ്ങോട്ട് പോയത്. കൊറിയന്‍ യുദ്ധത്തില്‍ തകര്‍ന്ന് തരിപ്പിണമായി പിന്നീട് ഉയിര്‍ത്തെഴുന്നേറ്റ രാജ്യമാണല്ലോ ഉത്തര കൊറിയ.
കുറച്ച് വര്‍ഷങ്ങള്‍ ഫാം ങോക് കാന്‍ അവിടെ ചെലവഴിച്ചു. ആയിടക്കാണ് ഒരു ലാബറട്ടറിയില്‍ ജോലി ചെയ്തിരുന്ന റി യോങ് ഹൂയ് എന്ന പെണ്‍കുട്ടിയെ ഫാം കാണുന്നത്. അവളെ കണ്ട മാത്രയില്‍ ഇവളാണ് തന്റെ പെണ്‍കുട്ടി എന്ന് ഫാം മനസിലുറപ്പിച്ചു. ക്രമേണ അവളോട് അവളുടെ വിലാസം ചോദിക്കാനുള്ള ധൈര്യം ഫാം സംഭരിച്ചു. വിദേശികളോട് മിണ്ടുന്ന ഒറ്റക്കാരണം കൊണ്ട് ഉത്തരകൊറിയയില്‍ തടവറയിലാക്കപ്പെട്ടേക്കാം. സ്വദേശിയോട് മിണ്ടുന്ന വിദേശിയുടെയും അവസ്ഥ അത് തന്നെ. എന്നാല്‍, ഫാം അവള്‍ക്ക് കത്തെഴുതി. മറുപടിയും കിട്ടി. മൂന്നാമത്തെ കത്തില്‍ അവള്‍ ഫാമിനെ വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യം ഫാമിന് ഭയമായിരുന്നു. മുമ്പ് ഒരു വിയറ്റ്‌നാം സഖാവ് കൊറിയക്കാരിയോട് സംസാരിച്ചതിന്റെ പേരില്‍ തല്ലിച്ചതക്കപ്പെട്ടത് ഫാം കണ്ടിട്ടുണ്ട്. എന്നാല്‍, പ്രാദേശിക വസ്ത്രം ധരിച്ച് ഫാം മൂന്ന് മണിക്കൂര്‍ ബസിലും രണ്ട് കിലോമീറ്റര്‍ നടന്നും അവളുടെ വീട്ടിലെത്തി. 1973ല്‍ വിയറ്റ്‌നാമിലേക്ക് മടങ്ങുന്നത് വരെ എല്ലാ മാസവും അവന്‍ അവളെ സന്ദര്‍ശിക്കുമായിരുന്നു. ഓരോ വട്ടം തന്റെ വീട്ടില്‍ നിന്ന് ഫാം മടങ്ങുമ്പോഴും റീ കരുതിയത് ഇത് അവസാന കൂടിക്കാഴ്ചയായിരിക്കുമെന്നായിരുന്നു. കാരണം, ഒരിക്കലും സഫലമാകാന്‍ സാധ്യതയില്ലാത്ത ഒരു പ്രണയത്തിലാണ് താന്‍ അകപ്പെട്ടതെന്ന് റീക്ക് ഉറപ്പുണ്ടായിരുന്നു.
വിയറ്റ്‌നാമില്‍ തിരിച്ചെത്തിയ ഫാം അവള്‍ക്ക് മുടങ്ങാതെ കത്തെഴുതി. അഞ്ച് വര്‍ഷത്തിന് ശേഷം,1978 ല്‍ ഫാമിന് വീണ്ടും ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. വിയറ്റ്‌നാമില്‍ ഫാം ജോലി ചെയ്തിരുന്ന കെമിക്കല്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഉത്തര കൊറിയന്‍ യാത്രയില്‍ ഫാം പങ്കാളിയായി. വീണ്ടും അവര്‍ തമ്മില്‍ കണ്ടു. മടങ്ങുമ്പോള്‍ റീ കരുതിയത് പതിവ് പോലെ ഇത് അവസാന കൂടിക്കാഴ്ചയായിരിക്കുമെന്നായിരുന്നു. കാലം പിന്നെയും കടന്നു പോയി. 1992ല്‍, അതായത് പതിനാല് വര്‍ഷത്തിന് ശേഷം ഫാം വീണ്ടും ഉത്തരകൊറിയയിലെത്തി. വിയറ്റ്‌നാം കായിക സംഘത്തിന്റെ പരിഭാഷകന്റെ റോളിലായിരുന്നു ഇത്തവണ. എന്നാല്‍ ഇക്കുറി റീയെ കാണാന്‍ കഴിഞ്ഞില്ല. ഫാം കരുതി, ഇതോടെ എല്ലാം അവസാനിച്ചിരിക്കുന്നു. എന്നാല്‍ നിരാശനായി വിയറ്റ്‌നാമില്‍ തിരിച്ചെത്തിയ ഫാമിനെ കാത്തിരുന്നത് റീയുടെ ഒരു കത്തായിരുന്നു. ഞാന്‍ നിന്നെ ഇപ്പോഴും സ്‌നേഹിക്കുന്നു ഫാം.
തൊണ്ണൂറുകളുടെ അവസാനം ഉത്തര കൊറിയയില്‍ കൊടിയ ക്ഷാമമുണ്ടായി. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട ആ രാജ്യത്തെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. സോവിയറ്റ് യൂനിയന്‍ അസ്തമിച്ചു. ചൈനയും വിയറ്റ്‌നാമും പോലുള്ള കുറച്ച് രാജ്യങ്ങളേ സഹായിക്കാനുള്ളൂ. ഒരു ഉത്തര കൊറിയന്‍ സംഘം വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലെത്തി. കുറച്ച് അരിക്ക് വേണ്ടിയാണവരവിടെയെത്തിയത്.
റീ പട്ടിണി കിടന്ന് മരിച്ചു കാണുമോയെന്നായിരുന്നു ഫാമിന്റെ ആശങ്ക. എന്തായാലും മറ്റാരെക്കാളും ഉല്‍സാഹത്തോടെ ഫാം അരി ശേഖരിക്കാനിറങ്ങി. ഏഴ് ടണ്‍ അരിയാണ് ഫാം ശേഖരിച്ച് ഉത്തരകൊറിയയിലേക്കയച്ചത്. എന്നാല്‍, ഉത്തര കൊറിയ അത് ശ്രദ്ധിച്ചു. ഒരു ഭരണകൂടം ഉള്ളപ്പോള്‍ ഒരു യുവാവ് ഇത്രയും ഉല്‍സാഹം കാണിക്കാന്‍ എന്താകും കാരണമെന്ന് അന്വേഷിച്ചു. അവര്‍ ഫാമിനെ കണ്ടെത്തി അഭിനന്ദിച്ചു. അവരോട് തന്റെ യഥാര്‍ത്ഥ പ്രചോദനം ഫാം തുറന്നു പറഞ്ഞു. റിയെ ഉത്തര കൊറിയന്‍ പൌരത്വം നിലനിര്‍ത്തി ഏതെങ്കിലും ഒരു രാജ്യത്ത് ജീവിക്കണമെന്ന വ്യവസ്ഥയില്‍ അവരുടെ വിവാഹത്തിന് ഉത്തര കൊറിയ സമ്മതിച്ചു. ഇന്നും ഇരു രാജ്യങ്ങളിലും ഒരു വിദേശിയെ വിവാഹം കഴിക്കാന്‍ അതത് രാജ്യക്കാര്‍ക്ക് അനുവാദമില്ല. 2002ല്‍ ഇവരുടെ വിവാഹം പ്യോങ്യാങിലെ വിയറ്റ്‌നാം എംബസിയില്‍ നടന്നു. പ്രണയം തുടങ്ങി മൂന്ന് പതിറ്റാണ്ടിന് ശേഷം. ഇരുവരുടെയും യൌവനം ഇതോടെ കടന്നു പോയിരുന്നു. റീക്ക് എഴുപത് വയസുണ്ടിപ്പോള്‍.
Post Your Comments