ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ പണിമുടക്കി. ബസിന്റെ ചാര്‍ജ് തീര്‍ന്നതോടെയാണ് ഇത് നിന്നു പോയത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേര്‍ത്തല വച്ച് ചാര്‍ജില്ലാതെ നില്‍ക്കുകയായിരുന്നു. ചേര്‍ത്തല എക്‌സറേ ജംക്ഷനില്‍ എത്തിയപ്പോഴാണ് ബസ് നിന്നു പോയത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജര്‍ പോയിന്റ് ഇല്ല. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണു ബസ് സര്‍വീസ് ആരംഭിച്ചതെന്നു ജീവനക്കാരില്‍ നിന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ദീര്‍ഘദൂര സര്‍വീസ് നടത്തും മുന്‍പു വേണ്ടത്ര പഠനങ്ങള്‍ നടത്തിയിരുന്നില്ലെന്നാണു പരാതി. ഗതാഗതക്കുരുക്കുള്ള ദേശീയപാതയിലെ ജംക്ഷനുകള്‍ കടന്നു പറയുന്ന സമയത്ത് ബസ് എത്തിയില്ലെങ്കില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നു പോകുമെന്നു നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരിന്നു. ഇക്കാര്യത്തില്‍ പഠനങ്ങള്‍ നടത്താതെയാണു സര്‍വീസ് ആരംഭിച്ചതെന്ന് ആക്ഷേപമുണ്ട്. തിരുവനന്തപുരത്തുനിന്നു കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് 5 ഇലക്ട്രിക് ബസ് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ആരംഭിച്ചത്. രാവിലെയും വൈകിട്ടുമാണു സര്‍വീസുകള്‍.
Post Your Comments