കോല്‍ക്കത്ത: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന് ഗൗരവ് ചന്ദ്ര ദത്ത് ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി നേതാവ് മുകുള്‍ റോയ്. കേസെടുത്ത് മമതയെ അറസ്റ്റ് ചെയ്യണം. പാര്‍ട്ടി നേതാവിനും സര്‍ക്കാരിനും എതിരായി ആരോപണം ഉന്നയിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് ജീവനൊടുക്കുന്ന സംഭവം പശ്ചിമ ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും മുകുള്‍ റോയി പറഞ്ഞു.
ചന്ദ്ര ദത്തിന്റെ ആത്മഹത്യാക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറല്‍ ആയിരുന്നു. എങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് പുറത്തായതെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് കേസ് സിബിഐ അന്വേഷണിക്കണമെന്നും മമതയുടെ മുന്‍ അടുപ്പക്കാരനായ മുകുള്‍ റോയ് ആവശ്യപ്പെട്ടത്. മമത ബാനര്‍ജിയാണ് തന്റെ മരണത്തിനു കാരണമെന്നാണു ചന്ദ്ര ദത്ത് കുറിപ്പില്‍ ആരോപിക്കുന്നത്. ഇടതുപക്ഷവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദത്തിനെ മമത അധികാരത്തിലെത്തിയ ശേഷം അപ്രധാന തസ്തികയില്‍ ഒതുക്കി.
സ്ഥാനക്കയറ്റവും നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം സ്വയം വിരമിച്ചെങ്കിലും പെന്ഷന് ആനുകൂല്യങ്ങള്‍ തടഞ്ഞു. അഴിമതിയാരോപണം ഉള്‍പ്പെടെ കേസുകളില്‍ കുടുക്കി. പാസ്പോര്‍ട്ട് പുതുക്കാന്‍ പോലും അനുവദിച്ചില്ല. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി ചില സഹപ്രവര്‍ത്തകരും പീഡിപ്പിച്ചതായും ചന്ദ്ര ദത്ത് കുറിപ്പില്‍ പറയുന്നു.
Post Your Comments