കൊട്ടാരക്കര: എക്‌സൈസ് കേസില്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി താലൂക്കാശുപത്രിയില്‍ മരിച്ചു. കടമ്പനാട് കല്ലുകുഴി കുഴിയാല കാപ്പില്‍ഭാഗം സുധി നിവാസില്‍ സുധാകരന്‍ (52) ആണ് മരിച്ചത്. അസുഖബാധയെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കഴിഞ്ഞ 14ന് പറക്കോട് എക്‌സൈസാണ് കല്ലുകുഴിക്ക് സമീപമുള്ള വയലില്‍ നിന്ന് സുധാകരനെ അറസ്റ്റു ചെയ്തത്.
ലോറി ഡ്രൈവറായ സുധാകരന്‍ സ്വന്തം വയലില്‍ ജോലിക്കാര്‍ക്കൊപ്പം മദ്യപിച്ചിരിക്കുമ്പോള്‍ എക്‌സൈസ് വാഹനം വരുന്നതു കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എക്‌സൈസ് സംഘം സുധാകരനെ ഓടിച്ചിട്ടു പിടികൂടി. മദ്യവില്പന നടത്തിയെന്ന കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ശ്വാസംമുട്ടലും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സുധാകരന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ജയിലിലെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.
Post Your Comments