ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന “നവയുഗം സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2019″ന്, ദമ്മാമിലെ ഇഖ്തിറാഫ് സ്റ്റേഡിയത്തിൽ തുടക്കമായി. കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ പ്രേമികളുടെ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ നടന്ന പ്രൗഢഗംഭീരമായ ഉൽഘാടനചടങ്ങിൽ വെച്ച്, ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ സുനിൽ മുഹമ്മദ്, നവയുഗം സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കിക്ക്‌ഓഫ് നിർവഹിച്ചു.
ഇനി നടക്കുന്ന മത്സരങ്ങളിൽ കൈമെയ് മറന്നു പൊരുതി, മികച്ച ഫുട്ബോളിന്റെ സൗന്ദര്യം, മൈതാനത്തു തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ കാഴ്ച വയ്ക്കുക എന്ന ഉത്തരവാദിത്വം ഓരോ ടീമിനുമുണ്ട് എന്ന് ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മൻസൂർ, ജാബിർ (ഇരിക്കൂർ എൻ.ആർ.ഐ ഫോറം), നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ബെൻസിമോഹൻ, എം.എ.വാഹിദ് കാര്യറ, സാജൻ കണിയാപുരം, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ബിജു വർക്കി, ഗോപകുമാർ, മണിക്കുട്ടൻ, നിസ്സാം കൊല്ലം, സഹീർഷാ, ബിനുകുഞ്ഞു, രാജേഷ് ചടയമംഗലം, സനു മഠത്തിൽ എന്നിവർ ഉത്‌ഘാടനചടങ്ങിൽ പങ്കെടുത്തു.
കിഴക്കൻ പ്രവിശ്യയിലെ മികച്ച എട്ടു ടീമുകൾ അണിനിരന്ന മാർച്ച്പാസ്റ്റിനൊടുവിൽ, ഇന്ത്യയുടേയും സൗദി അറേബ്യയുടേയും ദേശീയഗാനങ്ങൾ മൈതാനത്ത് മുഴങ്ങി. തുടർന്ന് വിശിഷ്ടാതിഥികളും, നവയുഗം നേതാക്കളും ടീമുകളെയും കളിക്കാരെയും പരിചയപ്പെട്ടു. പരിപാടികൾക്ക് നവയുഗം കായികവേദി കേന്ദ്രകമ്മിറ്റി നേതാക്കളായ നഹാസ്, തമ്പാൻ നടരാജൻ, ബാബു ചാത്തന്നൂർ, രാജ്‌കുമാർ, താഹ, സിദ്ദിക്ക് എന്നിവർ നേതൃത്വം നൽകി.
ഉത്‌ഘാടനമത്സരത്തിൽ സോക്കർ വാരിയേഴ്‌സ് ടീമും, നവയുഗം എഫ്.സി.ടീമും തമ്മിൽ ഏറ്റുമുട്ടി. തുല്യശക്തികൾ തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഗോൾരഹിതമായ ആദ്യപകുതിയ്ക്കു ശേഷം, രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ ആദ്യഗോൾ നേടി നവയുഗം എഫ്.സി മുന്നിലെത്തി. എന്നാൽ കളി തീരാൻ മൂന്നു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ സോക്കർ വാരിയേഴ്‌സ് ഒരു ഗോൾ മടക്കിയതോടെ കളി സമനിലയിലായി. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട്ഔട്ടിൽ 2 -1 എന്ന സ്‌കോറിന് നവയുഗം എഫ്.സി യെ പരാജയപ്പെടുത്തി സോക്കർ വാരിയേഴ്‌സ് ടീം മത്സരവിജയികളായി.
Post Your Comments