ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നിരുന്നാലും ആരും അത് ഒഴിവാക്കാന്‍ തയ്യാറാവാറില്ല എന്നതാണ് വാസ്തവം. ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും യാതൊരു സംശയവും കൂടാതെ ഒഴിവാക്കണമെന്ന് ഉറപ്പിച്ച് പറയുന്ന ഭക്ഷണമാണ് ജങ്ക് ഫുഡ്. ഇതുണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ തന്നെയാണ് പ്രധാന കാരണം.
പൊണ്ണത്തടി, കൊളസ്ട്രോള്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, കരള്‍ രോഗം എന്ന് തുടങ്ങി ചിലയിനം ക്യാന്‍സറുകള്‍ക്ക് വരെ ജങ്ക് ഫുഡ് കാരണമാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് പുറമെ ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങള്‍, ഇതുണ്ടാക്കുന്ന ക്ഷീണം, ഉറക്കത്തെ ബാധിക്കുന്നത് അങ്ങനെ ജീവിതശൈലിയുമായി ബന്ധപ്പെട്ടും ഒരുപിടി വിഷമതകള്‍ ജങ്ക് ഫുഡ് സമ്മാനിക്കുന്നുണ്ട്. അതിന് പൂറമെ മാനസികമായ പ്രശ്‌നങ്ങള്‍ക്കും ജങ്ക് ഫുഡ് കാരണമാകുന്നുവെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സസ് ആന്റ് ന്യൂട്രീഷന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.
വിഷാദരോഗവും, ബൈപോളാര്‍ രോഗവും പിടിപെടാനും ഇത് മൂര്‍ച്ഛിക്കാനും ജങ്ക് ഫുഡ് കഴിക്കുന്നത് ഇടയാക്കുമെന്നാണ് ഈ പഠനം വാദിക്കുന്നത്. എത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇത്തരം അസുഖങ്ങള്‍ പിടിപെടാം. കൃത്രിമമായി ചേര്‍ക്കുന്ന മധുരങ്ങള്‍ ഇത്തരത്തിലുള്ള മാനസികപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് നേരത്തേ വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജങ്ക് ഫുഡ് മാനസികരോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്ന പുതിയ പഠനവും വന്നിരിക്കുന്നത്. 2005 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ശേഖരിച്ച സര്‍വേ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിദഗ്ധസംഘം തങ്ങളുടെ നിഗമനങ്ങളിലെത്തിയത്.
Post Your Comments