ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മുന്തിരിക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യയും ശ്രീലങ്കയും. ഇന്ത്യയിലെ മുന്തിരിപ്പാടങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ എന്ന് ഇരുരാജ്യങ്ങളും നിബന്ധന വച്ചു.
ഇറക്കുമതിക്ക് നിരോധനം ഏര്‍പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്നുള്ള മുന്തിരി സെന്റ് പീറ്റേഴ്സ് ബെര്‍ഗ് തുറമുഖത്ത് തടഞ്ഞ് വച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇത് റഷ്യന്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയൂ. 2000 ടണ്ണിലേറെ ഇങ്ങനെ കെട്ടിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ മുന്തിരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്ന് റഷ്യയാണ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 15 ശതമാനം ആ രാജ്യത്തേക്കാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27,434 ടണ്‍ റഷ്യയിലേക്ക് കയറ്റി അയച്ചു.
ഇതേ പ്രശ്നത്തിന്റെ പേരില്‍ ഇന്ത്യന്‍ മുന്തിരിക്ക് ശ്രീലങ്ക ഇറക്കുമതി അനുമതി നിഷേധിച്ചിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ ഇന്ത്യ 42,458 ടണ്‍ കയറ്റി അയച്ചു. നെതര്‍ലന്‍ഡ്സ്, ജര്‍മനി, യു കെ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നും മുന്തിരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
Post Your Comments