KeralaLatest News

അന്യസംസ്ഥാന തൊഴിലാളികളെ ഒപ്പം ചേര്‍ത്ത് കേരളം; അപ്‌നാ ഘര്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്: അന്യസംസ്ഥാന തൊഴിലാളികളള്‍ക്കായി പാലക്കാട് സര്‍ക്കരൊരുക്കുന്ന പാര്‍പ്പിട സമുച്ചയം അപ്നാ ഘര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഇതാദ്യമായാണ് ആധുനികസൗകര്യങ്ങളോടു കൂടി തൊഴിലാളികള്‍ക്ക് മാത്രമായൊരു താമസ സൗകര്യം നിലവില്‍ വരുന്നത്. പാലക്കാട്ടെ മാതൃകയില്‍ മൂന്നിടങ്ങളില്‍ പാര്‍പ്പിട സമുച്ചയം ഉടനൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കഞ്ചിക്കോടും വാളയാറും പരിസരത്തുമുളള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇനി വൃത്തിഹീനമായ ക്യാംപുകളിലോ ഷെഡ്ഡുകളിലോ അന്തിയുറങ്ങേണ്ടി വരില്ല എന്നതാണ് അപ്നാ ഘറിന്റെ ഏറ്റവും വലിയ നേട്ടം. കഞ്ചിക്കോട്ടെ അപ്നാ ഘറില്‍ എത്രകാലം വേണമെങ്കിലും അവര്‍ക്ക് തങ്ങാം. ഡോര്‍മെറ്ററി സംവിധാനത്തില്‍ നാലുനിലകളിലായി 62 മുറികളുണ്ട് അപ്നാഘറില്‍. വലിയ അടുക്കളകളും, ഡൈനിംഗ് ഹാളും തുടങ്ങി കളിസ്ഥലം വരെ പാര്‍പ്പിട സമുച്ചയത്തിലൊരുക്കിയിട്ടുണ്ട്.

800 രൂപയാണ് അപ്നാഘറില്‍ താമസിക്കുന്നവര്‍ക്കുള്ള മാസവാടക. തൊഴില്‍വകുപ്പിന് കീഴില്‍ ഭവനം ഫൗണ്ടെഷനാണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചത്. പുതിയ താമസസ്ഥലത്തെ വലിയ ആഹ്‌ളാദത്തോടെയാണ് മറുനാടന്‍ തൊഴിലാളികളും വരവേറ്റത്. സമുച്ചയം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതര സംസ്ഥാന തൊഴിലാളി ക്ഷേമം ലക്ഷ്യമിട്ട് കൂടുതല്‍ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും അപ്നാഘറുകള്‍ ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളും കേരളത്തിന്റ ഭാഗമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.10കോടി രൂപ ചെലവിട്ടാണ് പാര്‍പ്പിടസമുച്ചയം നിര്‍മ്മിച്ചത് .

അന്യദേശക്കാര്‍ക്കും അഭയമൊരുങ്ങുന്ന ഈ കേരളമാതൃക റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരേന്ത്യയില്‍ നിന്നടക്കം ദേശീയമാധ്യമങ്ങള്‍ പാലക്കാട് എത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് വരെ ഇരയാകുമ്പോള്‍ അവരെ ചേര്‍ത്തു നിര്‍ത്തുന്ന കേരളമാതൃക ദേശീയമാധ്യമങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button