
കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. കൊലപാതകത്തെ തുടര്‍ന്ന് തകര്‍ക്കപ്പെട്ട കല്യോട്ടെ സിപിഎം പ്രവര്‍ത്തകരുടെ വീടും വ്യാപാരസ്ഥാപനങ്ങളും പാര്‍ട്ടി ജില്ലാ നേതാക്കള്‍ ഇന്ന് സന്ദര്‍ശിക്കും.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍പേരെയും പിടികൂടിയെന്നാണ് ലോക്കല്‍ പോലീസിന്‍റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്.
മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സുഹൃത്തുക്കളുമായി സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പോലീസിന്റെ പ്രാഥമിക തെളിവ് ശേഖരണവും പൂര്‍ത്തിയാക്കി. ലോക്കല്‍ പോലീസ് കേസ് നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം.
കോൺഗ്രസ് നേതാവ് കെ സുധാകരന്‍ ഇന്ന് കൃപേഷിന്‍റെയും ശരത്തിന്‍റെയും വീടുകളിലെത്തും. അക്രമം നടത്തിയവര്‍ക്കെതിരെ കേസ് ശക്തമാക്കിയിട്ടുണ്ട്. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചേക്കുമെന്ന സൂചനയും ഉണ്ട്.
Post Your Comments