ന്യൂദല്‍ഹി: സിന്ധു നദീജല കരാറില്‍ പുന:പരിശോധന ഉണ്ടാകുമെന്നും പാകിസ്ഥാന്‍ കരാറിന്റെ സത്ത ഇല്ലാതാക്കിയതായും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് കൊടുക്കരുതെന്ന് ജനങ്ങള്‍ തന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി ഗഡ്കരിയുടെ മുന്നറിയിപ്പ്.’ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സിന്ധു നദീജല കരാറില്‍ ഒപ്പിട്ടത് വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു.
എന്നാല്‍ തീവ്രവാദത്തെയും തീവ്രവാദികളെയും പിന്തുണക്കുന്നതിലൂടെ പാകിസ്ഥാന്‍ അതിന്റെ സത്ത ചോര്‍ത്തിക്കളഞ്ഞു. ഇതില്‍ ജനങ്ങള്‍ ആകെ നിരാശരാണ്.’ ഗഡ്കരി പറഞ്ഞു.പാകിസ്ഥാന്‍ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ മനുഷ്യത്വത്തിന്റെ തലത്തില്‍ പെരുമാറുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ തന്നെ പാകിസ്ഥാനിലൂടെ ഒഴുകുന്ന ജലവുമായി ബന്ധപ്പെട്ട് ഒരു രൂപരേഖ തയ്യാറാക്കാന്‍ തന്റെ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിര്‍ത്തിവെക്കണമെന്നത് തന്റെ വകുപ്പുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വൃത്തങ്ങളുമായും പ്രധാനമന്ത്രിയുമായുമൊക്കെ ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.പാകിസ്ഥാന്‍ എത്രയും വേഗം തീവ്രവാദം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ കടുത്ത തീരുമാനത്തിന് മുതിരേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇക്കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ചാവേര്‍ ആക്രമണമുണ്ടായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ബസ് മാര്‍ഗം പോയ സൈനികര്‍ക്ക് നേരെയായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്.
Post Your Comments