തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആര്‍ വിജിലന്‍സ് സ്പെഷല്‍ സെല്‍ കഴിഞ്ഞദിവസം എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രതിയായ മറ്റു മൂന്നുപേരുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്. വിജിലന്‍സ് പ്രത്യേക സെല്‍ ഡിവൈ.എസ്.പി വി എസ് അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
ശിവകുമാറിനെ ഒന്നാംപ്രതിയാക്കിയാണ് വിജിലന്‍സ് പ്രത്യേക യൂണിറ്റ് കേസെടുത്തത്. പാര്‍ലമെന്റംഗം ആയിരുന്നതു മുതല്‍ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടിലാണ് കേസെടുത്തത്. ശിവകുമാര്‍ ഒന്നാം പ്രതിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ശാന്തിവിള രാജേന്ദ്രന്‍ രണ്ടാംപ്രതിയുമാണ്. ശിവകുമാറിന്റെ താല്‍ക്കാലിക ഡ്രൈവര്‍ ഷൈജു ഹരന്‍, സുഹൃത്ത് അഡ്വ. എന്‍ എസ് ഹരികുമാര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍.
ശിവകുമാര്‍ ഒഴികെയുള്ളവര്‍ക്ക് വരവില്‍ക്കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്ന് വിജിലന്‍സ് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ശിവകുമാര്‍ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം മറ്റുള്ളവരുടെപേരില്‍ സ്വത്ത് സമ്പാദിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നാണ് സൂചന. ആവശ്യമെന്നുകണ്ടാല്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണം നടത്തും.
അനധികൃത സ്വത്തു സമ്പാദനം ആരോപിച്ചു വി.എസ്.ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവായിരുന്നു. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. എംപി, എംഎല്‍എ, മന്ത്രി പദവികള്‍ ദുരുപയോഗം ചെയ്തു ശിവകുമാര്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണു വിജിലന്‍സിനു ലഭിച്ച പരാതി.
Post Your Comments