ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍. ഹീനവും ഭീരുത്വപരവുമായ ബോംബ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു. ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്വം ഏറ്റെടുത്ത, ഇന്ത്യയുടെ അര്‍ധസൈനിക വിഭാഗത്തിലെ നാല്‍പതോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണം എന്നാണ് പുല്‍വാമ ആക്രമണത്തെ സുരക്ഷാ കൗണ്‍സില്‍ വിശേഷിപ്പിച്ചത്.
ജെയ്‌ഷെ മുഹമ്മദിന്റെ പേര് പരാമര്‍ശിക്കരുതെന്ന ചൈനയുടെ ആവശ്യത്തെ നിരാകരിച്ചായിരുന്നു ഇത്. എല്ലാരാജ്യങ്ങളും ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിക്കണമെന്നും പ്രസ്താവനയില്‍ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു പ്രസ്താവന പുറത്തിറങ്ങുന്നതിനെ ചൈന തടയാന്‍ ശ്രമിച്ചിരുന്നതായി എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്തു.
പ്രസ്താവനയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പേര് പരാമര്‍ശിക്കരുതെന്നും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കാഷ്മീര്‍ എന്ന് ചേര്‍ക്കണമെന്നുമായിരുന്നു ചൈനയുടെ പ്രധാന ആവശ്യം. ഇന്ത്യയുമായി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നുള്ള ഭാഗവും നീക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിരാകരിച്ചായിരുന്നു സുരക്ഷാ കൗണ്‍സിലിന്റെ പ്രസ്താവന.
Post Your Comments