KeralaLatest NewsNews

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; അധികൃതര്‍ മുട്ടുമടക്കി; ഇനി ഇവര്‍ക്കും ആണ്‍കുട്ടികളെപ്പോലെ പുറത്തിറങ്ങി നടക്കാം

തിരുവനന്തപുരം: ഒരു രാത്രി മുഴുവന്‍ നീണ്ട പ്രതിഷേധം. തളരാതെ പിടിച്ചുനിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ അവര്‍ നേടിയെടുത്തു. അവരുടെ സമരത്തിനു മുന്‍പില്‍ കോളജ് അധികൃതര്‍ മുട്ടുമടക്കി, ഇനി മുതല്‍ ശ്രീകാര്യത്തെ കോളജ് ഓഫ് എന്‍ജിനിയറിങ് ട്രിവാന്‍ഡ്രം (സിഇടി) ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് രാത്രി 9.30 വരെ പുറത്തിറങ്ങാം. ഹോസ്റ്റലിന് ഇനി വൈകിട്ട് ആറരയ്ക്ക് എന്നത്തേയും പോലെ പൂട്ട് വീഴില്ല! ആണ്‍കുട്ടികളെപോലെ ഇവര്‍ക്കും സ്വതന്ത്രമായി നടക്കാം. വന്‍ പ്രതിഷേധത്തിനൊടുവിലാണ് പ്രിന്‍സിപ്പല്‍ പുതിയ തീരുമാനം വിദ്യാര്‍ഥികളെ അറിയിച്ചത്.

സിഇടിയില്‍ രാത്രി വൈകി ലേഡീസ് ഹോസ്റ്റലില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രിയോടെയാണ് കോളജിനു മുന്നിലെ വരാന്തയില്‍ വിദ്യാര്‍ഥികള്‍ കുത്തിയിപ്പ് സമരം നടത്തിയത്. മെന്‍സ് ഹോസ്റ്റലില്‍ വൈകിട്ട് 9.30 വരെയും വനിതാ ഹോസ്റ്റലില്‍ രാത്രി 6.30ന് വരെയുമായിരുന്നു പ്രവേശന സമയം. ഈ വിവേചനത്തിനെതിരെ കഴിഞ്ഞ ആഴ്ച വിദ്യാര്‍ഥിനികള്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം വൈകിട്ട് ഒന്‍പതിനെത്തിയ നൂറോളം വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ നിലപാട് എടുത്തതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. വൈകിയെത്തിയതിനു കാരണം എഴുതി നല്‍കണമെന്ന ആവശ്യത്തെയും വിദ്യാര്‍ഥികള്‍ എതിര്‍ത്തു. ഹോസ്റ്റലിലെ മിക്ക വിദ്യാര്‍ഥികളും സമരത്തില്‍ ഒപ്പം കൂടി. അര്‍ധരാത്രി പൊലീസെത്തി പ്രതിഷേധം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ വഴങ്ങിയില്ല. ഒരു പിടിഎ അംഗം ഒഴികെ അധികൃതര്‍ ആരും രാത്രിയില്‍ കോളജിലെത്തിയില്ല.

രാത്രി മുതല്‍ ഇന്നലെ ഉച്ചവരെ അവര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പലുമായി രാവിലെ ചര്‍ച്ച് ചെയ്‌തെങ്കിലും തീരുമാനമായില്ല. പിന്നീട് വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് 9.30 വരെ ലേഡീസ് ഹോസ്റ്റല്‍ സമയം നീട്ടാമെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ അറിയിച്ചത്. തീരുമാനം വിദ്യാര്‍ത്ഥികളെ അറിച്ചതോടെ വന്‍ കരഘോഷത്തോടെയാണ് ഏവരം തീരുമാനത്തെ സ്വാഗതം ചെയ്തത്്. രാത്രി വൈകിയും ക്യാംപസിനു മുന്നില്‍ ആഘോഷങ്ങള്‍ തുടരുകയാണ്. 9.30 എന്ന നിയന്ത്രണവും നീക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button