തിരുവനന്തപുരം : വിശ്വാസികളുടെ വോട്ട് ഭിന്നിപ്പിച്ച് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന സിപിഎമ്മിന്റെ മോഹം വിലപ്പോകില്ലായെന്ന് കെ.പി.സി.സി. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.ശിവകുമാർ എംഎൽഎ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര വിജയിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചിറയിൻകീഴ് താലൂക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനാധിപത്യ-മതേതര കക്ഷിയായ കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ സിപിഎം മൂക്കുമുറിച്ച് ശകുനം മുടക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ അഞ്ചുവർഷത്തെ ഭരണത്തിനെതിരെ പ്രതികരിക്കാൻ ജനം കാത്തിരിക്കുകയാണ്.
ബിജെപിക്ക് ബദലാകാൻ കോൺഗ്രസ്സിനു മാത്രമേ കഴിയൂ. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. ശബരിമല വിഷയത്തിൽ വിശ്വാസികളെ വെല്ലുവിളിച്ചും, നിരപരാധികളെ കൊലപ്പെടുത്തിയും നേട്ടങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാതെ 1000 ദിനങ്ങൾ പൂർത്തിയാക്കിയ എൽഡിഎഫ് സർക്കാരിനെതിരെ 2019 പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതും. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ സിപിഎം വിശ്വാസികളുടെ വോട്ട് ബിജെപിക്ക് ലഭിക്കുന്നതിനുള്ള അണിയറ നീക്കങ്ങളാണ് നടത്തിവരുന്നത്. അതുകൊണ്ടാണ് ശബരിമല വിഷയത്തിൽ ബിജെപിക്ക് സഹായകരമാകുന്ന നിലപാടുകൾ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. യഥാർത്ഥ വിശ്വാസികൾ സിപിഎമ്മിന്റെ കെണിയിൽപ്പെടുകയില്ലായെന്നും അവർ വിശ്വാസികള്‍ക്കൊപ്പം എന്നും നിലയുറപ്പിച്ചിട്ടുള്ള യുഡിഎഫിനു മാത്രമേ വോട്ട് ചെയ്യുകയുള്ളൂവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
യോഗത്തിൽ പി.എം.ബഷീർ അധ്യക്ഷനായിരുന്നു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, കിളിമാനൂർ സുദർശനൻ, എം.എ.ലത്തീഫ്, ആറ്റിങ്ങൽ ജയകുമാർ, ആറ്റിങ്ങൽ അജിത്, ഷിഹാബുദ്ദീൻ, ഇബ്രാഹിം കുഞ്ഞ്, കൃഷ്ണകുമാർ, റിഹാസ് വർക്കല, അഡ്വ.രാജു, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാർ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments