Latest NewsArticle

മോദിക്ക് രണ്ടാമൂഴം ഉറപ്പാക്കാന്‍ ചാണക്യതന്ത്രങ്ങളുമായി ഷാ; സഖ്യകക്ഷികളില്‍ അടിത്തറ ശക്തമാക്കി ബിജെപി

നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കടന്നാക്രമണമായി പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുമ്പോള്‍ പക്ഷേ സര്‍വേ ഫലം വീണ്ടും മോദിക്ക് അനുകൂലമാകുന്നു. മോദി തന്നെ അധികാരത്തില്‍ തുടരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം നടത്തിയ മെഗാസര്‍വേ പറയുന്നു. ഫെബ്രുവരി 11മുതല്‍ 20 വരെ നടത്തിയ സര്‍വേയില്‍ രണ്ടുലക്ഷം പേരാണ് പങ്കെടുത്തത്. സര്‍വേയില്‍ പങ്കെടുത്തവര്‍ വെറുതേ ഒരു ഊഹാപോഹം നടത്തി മോദിക്ക് അനുകൂലമായ ഫലം പുറത്തു വന്നു എന്ന് കരുതാനാകില്ല. കൃത്യമായ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍വേയില്‍ പങ്കെടുത്തവരുടെ പ്രതികരണം. പാവങ്ങള്‍ക്ക് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണം ലഭിച്ചു എന്നതാണ് സര്‍ക്കാരിന്റെ നേട്ടമായി കൂടുതല്‍ പേരും കണക്കാക്കുന്നത്. ഇക്കാര്യം നിഷേധിക്കാന്‍ കോണ്‍ഗ്രസിനോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ കഴിയില്ല എന്നതാണ് സത്യമെന്നിരിക്കെ മോദി രണ്ടാമൂഴവുമായി പ്രധാനമന്ത്രി കസേരയില്‍ തിരിച്ചെത്തുന്നതിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് വിലയിരുത്താം.

സഖ്യകക്ഷികളെ കൂടെത്തന്നെ നിര്‍ത്താന്‍ ബിജെപിക്ക് കഴിയുന്നു എന്നത് തെരഞ്ഞെടുപ്പിലേക്കുള്ള ശുഭതുടക്കമാണ്. ആദ്യപടിയായി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കട്ടായം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശിവസേന എന്‍ഡിഎയില്‍ തുടരുന്നത് ബിജെപിക്ക് നല്‍കുന്ന രാഷ്ട്രീയ ഇച്ഛാശക്തി ചെറുതല്ല, തെരഞ്ഞെടുപ്പ് ചൂടിലേക്ക് പാര്‍ട്ടി പ്രവേശിച്ചുകഴിഞ്ഞു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യമുള്ള പേരക്കുട്ടി പ്രിയങ്ക ഗാന്ധിയെ പോര്‍ത്തട്ടിലിറക്കി യുപി തിരിച്ചുപിടിക്കാനും രാജ്യമാകെ കോണ്‍ഗ്രസില്‍ പ്രതീക്ഷ കൊണ്ടുവരുവാനുമുള്ള തിരക്കിട്ട നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്ത് കളി കളിച്ചാലും മോദിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നന്നായി അറിയാം എന്നതിന്റെ തെളിവാണ് പ്രിയങ്കയുടെ രംഗപ്രവേശം. വലിയ വെല്ലുവിളി അല്ലെങ്കിലും പ്രതിരോധം തീര്‍ത്തേ മതിയാകൂ ബിജെപിക്ക്.

സഖ്യകക്ഷികളെ കൂട്ടിയോജിപ്പിച്ച് അടിത്തറ ശക്തമാക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് പാര്‍ട്ടിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികളെ വെല്ലുന്ന നിലയില്‍ നിലകൊണ്ട ശിവസേന നേതാവ് താക്കറയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞത് അമിത് ഷായുടെ വിജയമാണ്. തെരഞ്ഞെടുപ്പ് നീക്കങ്ങളില്‍ ബിജെപി ശരിയായ ട്രാക്കിലാണെന്നതിന്റെ ആദ്യസൂചനയാണിത്. പ്രായോഗികവാദത്തിലൂന്നി വേണം ആദര്‍ശവും മാര്‍ഗനിര്‍ദേശ തത്വങ്ങളും പ്രാബല്യത്തിലാക്കേണ്ടതെന്ന് മോദിക്കും ഷായ്ക്കും ആരും പറഞ്ഞ് കൊടുക്കേണ്ടതില്ലല്ലോ. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാസഖ്യം ശക്തമായതോടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന തിരിച്ചറിവ് ശിവസേനയ്ക്കുണ്ടാകുകയും ചെയ്തു. അപകടം മണത്തതോടെ സേന പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി. അതേസമയം ബിജെപി ശിവസേന പോരിനിടയില്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ കോണ്‍ഗ്രസിന് കിട്ടിയ അടി ചെറുതല്ല. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ 48 സീറ്റുകളുള്ള മഹാരാഷ്ട്രയാണ് തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിര്‍ണായകമാകുന്നത്.

ശിവസേനയുമായുള്ള സഖ്യം ഉറപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് തമിഴ്നാട്ടില്‍ ബിജെപി എഐഎഡിഎംകെ സഖ്യത്തിന് ധാരണയായത്. തമിഴ് നാടിന്റെ ചുമതലയുള്ള ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പീയുഷ് ഗോയല്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അടക്കമുള്ള അണ്ണാഡിഎംകെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകളിലാണ് ധാരണയായത്. എഐഎഡിഎംകെയ്ക്കൊപ്പം പിഎംകെ, വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ എന്നീ പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാകും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പിയും സഖ്യമായി മത്സരിക്കുമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നുമാണ് ധാരണ. എഐഎഡിഎംകെയെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞതും ബിജെപി തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിജയമാണ്.

അതേസമയം ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള കരുത്തുള്ള യുപിയില്‍ എസ്പി ബിഎസ്പി സഖ്യം ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാകുമെന്നാണ് പൊതുവേയുള്ള രാഷ്ട്രീയ നിരീക്ഷണങ്ങള്‍. എന്നാല്‍ രണ്ട്് വമ്പന്‍ സംസ്ഥാനങ്ങളില്‍ പ്രബല കക്ഷികള്‍ സാധ്യമായ എല്ലാ കളികളും കളിച്ച് വിജയം ഉറപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുമ്പോഴാണ് അഭിപ്രായ സര്‍വേ മോദിയുടെ തിരിച്ചുവരവ് ഊന്നി പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം പേരാണ് മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ തിരിച്ചുവരുമെന്ന് പ്രവചിച്ചത്. 9.25 ശതമാനം പേര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി വരുമെന്ന് പ്രവചിച്ചു. അതേസമയം മോദിയെ കൂടാതെയുള്ള എന്‍ഡിഎ വരുമെന്ന പ്രവചിച്ചത് 4.25 ശതമാനം പേരാണ്. 3.47 ശതമാനം പേര്‍ മഹാസഖ്യം അധികാരത്തില്‍ വരുമെന്ന അഭിപ്രായക്കാരാണ്. ആരായിരിക്കും പ്രധാനമന്ത്രി എന്ന ചോദ്യത്തിന് 83.89 ശതമാനം പേര്‍ നരേന്ദ്രമോദി എന്നഭിപ്രായപ്പെട്ടപ്പോള്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞത് 8.33 ശതമാനം പേര്‍ മാത്രമാണ്. ചുരുക്കത്തില്‍ മോദിക്ക് നേരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളും വ്യക്തിഹത്യകളുമൊന്നും ജനം ശ്രദ്ധിക്കുന്നില്ലെന്ന് വേണം മനസിലാക്കാന്‍. ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തെ അതിജീവിക്കുന്ന അടവുകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button