ജനപ്രതിനിധി മാത്രമല്ല നല്ല ഒരു കര്‍ഷകന്‍ കൂടിയാണ് താനെന്ന് തെളിയിച്ച് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ വിളവെടുപ്പാണ് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്.
എംഎല്‍എയുടെ വീട്ടുവളപ്പില്‍ പൂത്ത് കായച്ച് കിടന്നിരുന്ന പച്ചക്കറികള്‍ ഇവിടെത്തുന്നവര്‍ക്ക് വലിയ കൗതുകമാണ് സമ്മാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിളവെടുത്തപ്പോള്‍ എംഎല്‍എ കൊയതത് നൂറുമേനി. അയല്‍ക്കാര്‍ക്കും സ്റ്റാഫിനും അതിഥികള്‍ക്കും കാബേജും കോളിഫ്ലവറും നല്‍കിയാണ് വിളവെടുപ്പ് അദ്ദേഹം ആഘോഷമാക്കിയത്.
കൃഷി ഭവനില്‍ നിന്നും എത്തിച്ച ഗ്രോബാഗുകളിലാണ് കാബേജ്, കോളിഫ്ലവര്‍, തക്കാളി, വഴുതനങ്ങ, പച്ചമുളക് ഇവ കൃഷി ചെയ്തത്. ജന പ്രതിനിധിയുടെ തിരക്കിനിടയില്‍ കൃഷി ശ്രദ്ധിക്കാനാവുമോ എന്ന് സംശയമുണ്ടായിരുന്നു. മാത്രമല്ല കാബേജും കോളിഫ്ലവറും പോലുള്ള ഇനങ്ങള്‍ ഇവിടെ വളരുമോ എന്ന കാര്യത്തിലും ഉറപ്പില്ലായിരുന്നു. അല്‍പസമയം നനയ്ക്കാനും പരിപാലിക്കാനും നല്‍കുന്നത് നഷ്ടമല്ല എന്നാണ് എംഎല്‍എയുടെ അനുഭവം. ഒപ്പം സ്റ്റാഫുകൂടി സഹകരിച്ചതോടെ കൃഷി ഒരു ഭാരമായി തോന്നിയില്ല.
രണ്ടാം ഘട്ട കൃഷിയാണ് ഇപ്പോള്‍ വിളവെടുത്ത്. ആദ്യ ഘട്ടത്തില്‍ നന്നായി ചെയ്യാനായതുകൊണ്ടാണ് തുടര്‍ന്നത്. എന്തായാലും കൃഷി വിപുലപ്പെടുത്താനാണ് എംഎല്‍എയുടെ തീരുമാനം. ജനപ്രതിനിധി ആയിക്കഴിഞ്ഞാല്‍ വെള്ളയും വെള്ളയുമിട്ട് കാറില്‍ നിന്നിറങ്ങാന്‍ നേരം കിട്ടാതെ ഉദ്ഘാടന കര്‍മങ്ങള്‍ക്കായി ഓടി നടക്കുന്ന മറ്റ് എംഎല്‍എമാര്‍ ഇദ്ദേഹത്തെ കണ്ടുപഠിക്കട്ടെ.
Post Your Comments