കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകരുടെ മൗനത്തിനെതിരേ പ്രതിഷേധിച്ച് സാഹിത്യ അക്കാദമയില്‍ കയറി പ്രസിഡന്റ് വൈശാഖന് വാഴപ്പിണ്ടി സമ്മാനിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് പ്രതികരിച്ച് അഡ്വ. എ. ജയശങ്കര്‍ രംഗത്ത്. യൂത്ത് കോൺഗ്രസുകാർക്ക് നമ്മുടെ സാംസ്കാരിക നായകരെ പറ്റി ഒരു ചുക്കും അറിയില്ല. അവരുടെ നാവും നട്ടെല്ലും പാർട്ടി ഓഫീസിൽ പണയത്തിലാണ്. ലോക്കൽ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാൻ നിവൃത്തിയുള്ളൂ എന്ന് ജയശങ്കര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചുവടെ:
സാഹിത്യ അക്കാദമിയിൽ വാഴപ്പിണ്ടിക്കെന്തു സാംഗത്യം?
തൃശൂരെ ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴപ്പിണ്ടിയുമേന്തി സാഹിത്യ അക്കാദമിയിലേക്കു പ്രകടനം നടത്തി.
ചെയർമാൻ അതേറ്റുവാങ്ങാൻ വൈമനസ്യം പ്രകടിപ്പിച്ചതു കൊണ്ട് അദ്ദേഹത്തിന്റെ കാറിനു മേൽ വാഴപ്പിണ്ടി സമർപ്പിച്ചു കൃതാർത്ഥരായി.
കാസർകോട് ജില്ലയിൽ രണ്ടു യുവ കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ച സംഭവത്തെ പറ്റി നമ്മുടെ മതേതര- ജനാധിപത്യ- പുരോഗമന സാംസ്കാരിക നായകർ പുലർത്തുന്ന മൗനമാണ് യൂത്തന്മാരെ പ്രകോപിപ്പിച്ചത്. നട്ടെല്ലിന് പകരം ഉപയോഗിക്കാനാണത്രേ, വാഴപ്പിണ്ടി.
യൂത്ത് കോൺഗ്രസുകാർക്ക് നമ്മുടെ സാംസ്കാരിക നായകരെ പറ്റി ഒരു ചുക്കും അറിയില്ല. അവരുടെ നാവും നട്ടെല്ലും പാർട്ടി ഓഫീസിൽ പണയത്തിലാണ്. ലോക്കൽ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാൻ നിവൃത്തിയുള്ളൂ. അതുകൊണ്ട് സോറി, എച്ചൂസ് മീ…
Post Your Comments