![](/wp-content/uploads/2019/02/tipper.jpg)
അങ്കമാലി: സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടിപ്പര്‍ ലോറി തടഞ്ഞത് ഒരു കൂട്ടം പെണ്‍കുട്ടികള്‍. അങ്കമാലിയിലെ പാലിശ്ശേരി ഗവ. ഹൈസ്‌കൂളിലെ ഒരുപറ്റം വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍യാത്രയ്ക്ക് പേടിസ്വപ്‌നമാകുന്ന ടിപ്പറുകളുടെ മരണപ്പാച്ചിലിന് തടയിടാന്‍ രംഗത്തെത്തിയത്. എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന് മുന്നിലൂടെയാണ് ടിപ്പര്‍ ലോറികള്‍ ദിവസേന മാലപോലെ ചീറിപ്പായുന്നത്. അടുത്തുള്ള ക്വാറികളില്‍ നിന്ന് ലോഡുമായി എത്തുന്നതാണ് ഇവ.
രാവിലെ ഒന്‍പതു മണിക്കും പത്തുമണിക്കും ഇടയിലും വൈകിട്ട് മൂന്നിനും നാലിനും ഇടയിലും ടിപ്പറുകള്‍ നിര്‍ത്തിയിടണമെന്നാണ് നിയമം. പല കുട്ടികളും സൈക്കിളിലും നടന്നുമൊക്കെയാണ് സ്‌കൂളിലേക്ക് പോകുന്നത്. എട്ടേമുക്കാലാകുമ്ബോള്‍ സ്‌കൂളിലേക്ക് പോകണമെങ്കിലും ടിപ്പറുകള്‍ ഇല്ലാത്ത സമയം നോക്കി ഒന്‍പത് മണിക്കാണ് തങ്ങള്‍ സ്‌കൂളിലേക്ക് ഇറങ്ങുന്നതെന്ന് കുട്ടികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഒന്‍പത് മണി എന്ന സമയവും പാലിക്കപ്പെടുന്നില്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
തടഞ്ഞുനിര്‍ത്തുമ്ബോഴെല്ലാം അത് വഴക്കിലേക്കാണ് കടക്കുന്നത്. പല തവണ ടിപ്പറുകാരോട് പറഞ്ഞു നോക്കിയതിന് ശേഷം അങ്കമാലി പൊലീസ് സ്റ്റേഷനിലും ഇതേക്കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.ഇതേത്തുടര്‍ന്ന് പൊലീസ് പരാതിയെടുത്തു. ഇന്നും കാര്യങ്ങളില്‍ മാറ്റമുണ്ടായില്ല. അപ്പോഴാണ് കുട്ടികളില്‍ ചിലര്‍ രംഗത്തെത്തിയത്. ‘എന്നും സ്‌കൂളിലേക്ക് പോകുമ്ബോള്‍ ഇതു തന്നെയാണ് അവസ്ഥ. പലപ്പോഴും മാറിനിന്ന് വണ്ടി പോയിട്ട് പോകാം എന്ന് കരുതും. അങ്ങനെ നോക്കുമ്ബോള്‍ പിന്നാലെ മാല പോലെ വരുന്നതാണ് കാണുന്നത്. ഇന്ന് ഞങ്ങള്‍ തടഞ്ഞോട്ടെ എന്ന് ചോദിച്ചപ്പോള്‍ പപ്പ സമ്മതിച്ചു. അതോടെയാണ് ഞങ്ങളെല്ലാവരും ചേര്‍ന്ന് ടിപ്പറുകള്‍ക്ക് മുന്നില്‍ നിന്നത്’, ഒന്‍പതാം ക്ലാസുകാരി അലീന സിബി പറയുന്നതിങ്ങനെയാണ്.
‘കുട്ടികള്‍ തടഞ്ഞപ്പോഴും ന്യായങ്ങള്‍ നിരത്തി ഒഴിഞ്ഞ് മാറുകയായിരുന്നു ടിപ്പറുകാര്‍. ഇതോടെയാണ് ഫോട്ടൊയെടുത്തതും ചിത്രം ഫേസ്ബുക്കിലിട്ടതും’, അലീനയുടെ പിതാവും സ്‌കൂള്‍ പിടിഎ അംഗവുമായ സിബി ജോസഫ് പറയുന്നു. ഈ ചിത്രങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ ഭീഷണികളും എത്തിതുടങ്ങിയെന്ന് സിബി പറയുന്നു.
Post Your Comments