ലക്നൗ : ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി വന്നിട്ടും കോണ്‍ഗ്രസിന് രക്ഷയില്ല. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലാതെ മായാവതിയും അഖിലേഷ് യാദവും. ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ച് എസ്പിയും ബിഎസ്പിയും. ആകെയുള്ള 80 ലോക്സഭാ സീറ്റുകളില്‍ 75 എണ്ണത്തിന്റെ കാര്യത്തിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായത്. ബഹുജന്‍ സമാജ് പാര്‍ട്ടി 38 സീറ്റുകളിലും സമാജ്വാദി പാര്‍ട്ടി 37 സീറ്റുകളിലും മത്സരിക്കും.
കോണ്‍ഗ്രസ് 80 സീറ്റുകളിലും മത്സരിക്കുമെന്നു രാഹുല്‍ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവോടെ എസ്പിയും ബിഎസ്പിയുമായി വീണ്ടും സഖ്യസാധ്യതകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തിലെ അതൃപ്തിയാണ് മായാവതിയെ സഖ്യത്തില്‍ നിന്നു പിന്നോട്ട് വലിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ മായാവതി വിമര്‍ശിച്ചതും പ്രവര്‍ത്തകര്‍ ഇതുമായി കൂട്ടിവായിക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മത്സരിക്കുന്ന അമേഠി മണ്ഡലവും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലവും ഒഴിച്ചിടും. മൂന്നു സീറ്റുകളില്‍ അജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദള്‍ മത്സരിക്കാനാണ് സാധ്യത.
യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പുര്‍ എന്നിവടങ്ങളില്‍ സമാജ്വാദി പാര്‍ട്ടിയാണ് മത്സരിക്കുന്നത്. ലക്നൗ, കാന്‍പുര്‍, അലഹബാദ്, ഝാന്‍സി തുടങ്ങിയ മണ്ഡലങ്ങളിലും എസ്പി മത്സരിക്കും. മീററ്റ്, ആഗ്ര, നോയിഡ, അലിഗഡ്, സഹാറന്‍പുര്‍ എന്നിവടങ്ങളില്‍ ബിഎസ്പി ജനവിധി തേടും.
Post Your Comments