കാസർഗോഡ് ഇരട്ടക്കൊലപാതക കേസിലെ പ്രതി പീതാംബരനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ
ആക്രമിക്കാൻ ചൂലും കല്ലുമായി കാത്തുനിന്ന് അമ്മമാർ. കൊലപാതകം നടന്ന കല്ല്യോട്ടെ റോഡിന് സമീപമുള്ള റബ്ബർ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പീതാംബരനാണ് സ്ഥലം കാണിച്ചുകൊടുത്തത്. വാളിന് 50 സെന്റിമീറ്ററിലധികം നീളവും ഒന്നര ഇഞ്ച് വീതിയുമുണ്ട്. ഇരുമ്പു ദണ്ഡുകളിൽ ചോരക്കറയുണ്ട്. പീതാംബരനെ എത്തിക്കുന്നതറിഞ്ഞ് സമീപത്തെ അമ്മമാർ ചൂലും വടിയും കല്ലുമായി കൊലപാതകം നടന്ന സ്ഥലത്തു ഏറെ നേരം കാത്തിരുന്നു.
ആദ്യം കൊലപാതകം നടന്ന സ്ഥലത്തേയ്ക്ക് എത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു തീരുമാനമെങ്കിലും രോഷം പൂണ്ട അമ്മമാരെ കണ്ട് പൊലീസ് തീരുമാനം മാറ്റി. ഇരട്ടക്കൊലക്കേസിൽ കസ്റ്റഡിയിലുള്ള അഞ്ചു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിരിജന്‍, ശ്രീരാഗ്, ഒാട്ടോ ഡ്രൈവര്‍ അനി എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്. കൃത്യം നടത്തിയത് പീതാംബരന്‍റെ നിര്‍ദേശപ്രകാരമെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കി. അതേസമയം ഇന്നലെ അറസ്റ്റു രേഖപ്പെടുത്തിയ സജി ജോർജിനെ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിലുള്ളവരെല്ലാം മൊഴികളിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം അറസ്റ്റിനൊരുങ്ങുന്നത്. ഇതിനു മുന്നോടിയായി ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ സംഘം യോഗം ചേർന്ന് ലഭിച്ച മൊഴികൾ വിശദമായി വിലയിരുത്തി.
Post Your Comments