ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിച്ചേക്കും. പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന മുൻ ഇന്ത്യൻ താരങ്ങളുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കകരിക്കണമെന്ന ആവശ്യം മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരുമടക്കം ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് നിലപാട് വ്യക്തമാക്കിയത്.
പാകിസ്ഥാനെതിരെ മത്സരം ബഹിഷ്കരിച്ചാലും മറ്റ് മത്സരങ്ങൾക്കെതിരെ ജയിച്ച് ലോകകിരീടം നേടാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് ഹർഭജൻ സിംഗ് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ താരങ്ങളുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണം. സാഹചര്യങ്ങൾ അനുകൂലമല്ല. മത്സരം വേണ്ടന്നു വെക്കേണ്ട സമയമാണിത്. ബിസിസിഐയും ഐസിസിയും ആലോചിച്ച് തീരുമാനമെടുക്കണമെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
അതെ സമയം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ മത്സരത്തിൽ നിന്നും പിന്മാറുമെന്ന് ബിസിസിഐയും വ്യക്തമാക്കി.കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തിന് ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നിൽക്കുമെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തെ തുടർന്ന് ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ഇന്ത്യ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഐസിസിയുടെ ടൂർണമെന്റുകളിൽ മാത്രമാണ് ഇരുരാജ്യങ്ങൾ തമ്മിൽ ക്രിക്കറ്റിൽ ഏറ്റുമുട്ടിയത്.
ഇന്ത്യ ലോകകപ്പ് മത്സരം ബഹിഷ്കരിച്ചേക്കുമെന്ന ആവശ്യം ഉയരുന്നതിനിടെ ഈ മാസം 27 ന് ദുബായിൽ നടക്കുന്ന ഐസിസിയുടെ യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.ലോകകപ്പ് ഷെഡ്യൂൾ അനുസരിച്ച് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ ജൂൺ 16 നാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കേണ്ടത്. ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബെഹ്‍നയാണ് ഭീകരാക്രണത്തിന്‍റെ പശ്ചാത്തലത്തിൽ ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്ത് എത്തിയത്.
Post Your Comments