Kerala

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കായിക പദ്ധതികള്‍ മലബാറിന്റെ കായികവികസനത്തിന് ആക്കംകൂട്ടുമെന്ന് മുഖ്യമന്ത്രി

കായികക്ഷമത വര്‍ധിപ്പിക്കാനുതകുന്ന കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികവുറ്റ പദ്ധതികള്‍ മലബാറിന്റെ കായിക വികസനത്തിന് ആക്കം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വ്വകലാശാല സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെയും സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെയും ഭാഗമായി സര്‍വ്വകലാശാല ക്യാമ്പസില്‍ ഏഴു കോടിയോളം രൂപ ചെലവില്‍ നിര്‍മ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്വാറ്റിക് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മലബാറിലെ ആദ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഫലപ്രദമായി ഉപയോഗിക്കണം. സംസ്ഥാനത്ത് നീന്തല്‍ രംഗത്ത് കൂടി മുന്നേറ്റമുണ്ടാക്കാന്‍ സര്‍വ്വകലാശാലയിലെ അക്വാറ്റിക് കോംപ്ലക്സ് വഴിയൊരുക്കും. അക്വാറ്റിക് കോംപ്ലക്സില്‍ ഡൈവിങ് പൂള്‍ കൂടി സജ്ജീകരിച്ചാല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാക്കാനാകും. ഇക്കാര്യത്തില്‍ സര്‍വ്വകലാശാല മുന്‍കൈയ്യെടുത്താല്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കായികരംഗത്ത് അസൂയാവഹമായ നേട്ടങ്ങളാണ് കാലിക്കറ്റ് സര്‍വ്വകലാശാല കൈവരിച്ചതെന്നും കായിക സര്‍വ്വകലാശാലയ്ക്ക് സമാനമായ പ്രവര്‍ത്തനങ്ങളാണെന്നും കാലിക്കറ്റ് സര്‍വ്വകലാശാലയുടെതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സര്‍വ്വകലാശാലയുടെ സംഭാവന വൈസ് ചാന്‍സലര്‍ ഡോ: കെ മുഹമ്മദ് ബഷീര്‍ കൈമാറി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീല്‍ അധ്യക്ഷനായി. ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായം നിലവില്‍ വന്നതോടെ കലാകായിക മത്സരങ്ങള്‍ കുറയുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്നും അതിനാല്‍ ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായം പുന: സംഘടിപ്പിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി ഡോ: കെ.ടി ജലീല്‍ പറഞ്ഞു. സംസ്ഥാനത്തെ കായിക വികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ മികച്ച പദ്ധതികള്‍ നടപ്പാക്കുമെന്ന് കായിക വികസന വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ കളിച്ച കായികതാരങ്ങള്‍ക്ക് ജോലി ഉറപ്പുവരുത്തും. അര്‍ഹരായ ഒട്ടനവധി പേര്‍ക്ക് ഇതിനകം സര്‍ക്കാര്‍ ജോലി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button