കായംകുളം: കായംകുളത്ത് കെ പി റോഡില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് ടാങ്കര്‍ ലോറിക്കടിയിലേക്ക് പാഞ്ഞ് കയറി യുവാവിന് ദാരുണാന്ത്യം. ചുനക്കര കൊച്ചയ്യത്ത് സ്വപ്ന ഭവനത്തില്‍ സോമന്‍ നായരുടെ മകന്‍ സൂരജ് (21) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ആറാട്ടുപുഴ വലിയഴീക്കല്‍ പുത്തന്‍പറമ്പില്‍ സുധീഷിനെ (28) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളത്ത് കെ പി റോഡില്‍ പൊലീസ് സ്റ്റേഷന് കിഴക്ക് കാദീശാ പള്ളിക്ക് സമീപം ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. കെ പി റോഡരുകിലെ കുഴിയില്‍ നിരത്തിയിരുന്ന കല്ലുകളില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് അതെ ദിശയില്‍ പോകുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. സൂരജ് ടാങ്കര്‍ ലോറിക്ക് അടിയില്‍പെടുകയും സുധീഷ് റോഡിന്റെ എതിര്‍വശത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. കായംകുളത്തെ ആലുംമൂട്ടില്‍ വെഡിംങ്ങ് കാസില്‍ എന്ന സ്വര്‍ണ്ണ വ്യാപാരശാലയിലെ ജീവനക്കാരാണ് ഇരുവരും. സ്ഥാപനത്തില്‍ നിന്നും കായംകുളം പോസ്റ്റ് ഓഫീസിലേക്ക് പോകും വഴിയായിരുന്നു അപകടം.
Post Your Comments