Kerala

അഗതിരഹിത സംസ്ഥാനമാകാനൊരുങ്ങി കേരളം; ഉദ്ഘാടനം നാളെ

സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ആവിഷ്‌ക്കരിച്ച അഗതിരഹിത കേരളം പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന ആവിഷ്‌ക്കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണിത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വയനാട് കൽപറ്റയിൽ രാവിലെ 11 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പദ്ധതി വിശദീകരിക്കും. ഫണ്ട് വിതരണോദ്ഘാടനം ഐ.സി ബാലകൃഷ്ണൻ എം.എൽ.എയും പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഹെൽത്ത് കാർഡ് വിതരണോദ്ഘാടനം ഒ.ആർ. കേളു എം.എൽ.എയും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ആശ്രയ പദ്ധതി പൂർത്തീകരിച്ച സി.ഡി.എസുകളെ ആദരിക്കും. കലക്ടർ എ.അജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ബേബി ബാലകൃഷ്ണൻ 100 ശതമാനം ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച സി.ഡി.എസുകളെ ആദരിക്കും.

നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന ആശ്രയ പദ്ധതി വിപുലീകരിച്ചാണ് അഗതിരഹിത കേരളം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ള 1,60,000 ഗുണഭോക്താക്കൾക്കാവശ്യമായ ഉപജീവന അതിജീവന ആവശ്യങ്ങൾ ലഭ്യമാകും. ഇതിൽ 10,716 കുടുംബങ്ങൾ പട്ടികവർഗ വിഭാഗത്തിലുള്ളവരാണ്. നിലവിൽ 1034 തദ്ദേശ സ്ഥാപനങ്ങളിൽ 773 സ്ഥാപനങ്ങൾ ഇതിനകം വിശദമായ പദ്ധതി റിപ്പോർട്ട് കുടുംബശ്രീയിൽ സമർപ്പിട്ടുണ്ട്. ഈ പദ്ധതി രേഖകൾ സംസ്ഥാന മിഷനിൽ വിശദമായ പരിശോധനകൾക്കു ശേഷം അംഗീകാരം നൽകുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്.

സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഉൾപ്പെടെ നിരാലംബ കുടുംബങ്ങളുടെ സമഗ്ര പുനരധിവാസമാണ് അഗതിരഹിത കേരളം പദ്ധതി വഴി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം അതിജീവന ആവശ്യങ്ങളായ ഭക്ഷണം, ചികിത്സ, വസ്ത്രം. വിവിധതരം പെൻഷനുകൾ എന്നിവയും അടിസ്ഥാന ആവശ്യങ്ങളായ ഭൂമി, പാർപ്പിടം, കുടിവെള്ളം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയും ഗുണഭോക്താക്കൾക്ക് ലഭ്യമാകും. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായിട്ടാകും ഇത് നൽകുക. കൂടാതെ ഗുണഭോക്താക്കൾക്ക് വികസന ആവശ്യങ്ങളായ ഉപജീവന ഉപാധികളും അവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമെങ്കിൽ വിദഗ്ധ തൊഴിൽ പരിശീലനവും നൽകി തൊഴിലും വരുമാനവും ഉറപ്പാക്കും. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന, ദേശീയ നഗര ഉപജീവന ദൗത്യം എന്നിവയിൽ ഉൾപ്പെടുത്തി അഗതി കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഇപ്പോൾ തന്നെ വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കി വരുന്നുണ്ട്. സ്വന്തമായി വീടില്ലാത്ത ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമിച്ചു കൊടുക്കുന്നതിനും പദ്ധതിയിൽ അവസരമുണ്ട്. അടിസ്ഥാന ജീവിത സൗകര്യങ്ങളും സുസ്ഥിര ഉപജീവന മാർഗവുമൊരുക്കി നൽകി അഗതി കുടുംബങ്ങളെ സ്വയംപര്യാപ്തരാക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു.

2017 ഒക്‌ടോബർ 19 നാണ് അഗതിരഹിത കേരളം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി മൊബൈൽ സർവേ ആപ് ഉപയോഗിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ നിർദ്ധന കുടുംബങ്ങളിൽ സർവേ നടത്തിയിരുന്നു. ഈ പട്ടികയിൽ നിന്നാണ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ക്ലേശ ഘടകങ്ങൾ അനുസരിച്ച് ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കമ്പ്യൂട്ടർവത്കൃത സംവിധാനത്തിലൂടെ കണ്ടെത്തിയത്. ഗുണഭോക്തൃ പട്ടിക സംബന്ധിച്ച പരാതികൾ തദ്ദേശഭരണ സ്ഥാപന ഉദ്യോഗസ്ഥർ പരിശോധിച്ചു. അതു പ്രകാരമുള്ള പട്ടിക ഗ്രാമസഭയും തദ്ദേശ സ്ഥാപനങ്ങളും അംഗീകരിക്കുകയും ചെയ്തു. ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമായി കണ്ടെത്തിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ വിശദമായ പദ്ധതി രേഖ തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിക്കുന്നത്. നിലവിലുള്ള ആശ്രയ കുടുംബങ്ങളിൽ തുടർന്നും സേവനങ്ങൾ ആവശ്യമുള്ളവർക്കു പുറമേ പുതുതായി കണ്ടെത്തിയവരേയും അഗതിരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button