കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ കൂടുതല്‍ തെളിവുകള്‍. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. KL – 14 J 5683 സൈലോ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എച്ചിലോട്ട് സ്വദേശി സജി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള വണ്ടിയാണ് ഇത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
ഫെബ്രുവരി 17നാണ് പെരിയ കല്ലിയോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ കൃപേഷ്, ശരത് ലാല്‍ എന്ന ജോഷി എന്നിവര്‍ കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം ഇവരെ തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ആക്രണമണത്തിലാണ് ശ്യാംലാലും കൃപേഷും കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
കാസര്‍കോട്ടേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നുമാണ് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് സിപിഎം പ്രാദേശിക നേതാവ് പീതാംബരനെ അറസ്റ്റ് ചെയ്തിരുന്നു. പീതാംബരനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
Post Your Comments